തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ഇന്ന് ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, വി മുരളീധരൻ, സുരേഷ് ഗോപി എന്നിവർ മത്സരിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും. മുരളീധരന് മത്സരിക്കാൻ കേന്ദ്ര നേതൃത്വത്തിൻ്റെ അനുമതി ആവശ്യമാണ്. ഇക്കാര്യത്തിൽ അമിത് ഷാ ഇന്ന് തീരുമാനം പ്രഖ്യാപിച്ചേക്കും. മുരളീധരൻ മത്സരിക്കുന്നില്ലെങ്കിൽ കഴക്കൂട്ടം മണ്ഡലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിക്കും. നിലവിൽ കോന്നിയിലും സുരേന്ദ്രൻ്റെ പേര് ഉയരുന്നുണ്ട്. സുരേഷ് ഗോപിയുടെ കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും.
തിരുവനന്തപുരം, വട്ടിയൂർക്കാവ്, തൃശ്ശൂർ മണ്ഡലങ്ങളാണ് സുരേഷ് ഗോപിക്കായി പരിഗണിക്കുന്നത്. ഇന്നലെ ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ ബിജെപിയുടെ സ്ഥാനർഥികളുടെ സാധ്യത പട്ടികയ്ക്ക് രൂപം നൽകിയിരുന്നു. അമിത് ഷായുടെ സാന്നിധ്യത്തിൽ ചേരുന്ന യോഗത്തിൽ ഇതിന് ഇന്ന് അന്തിമ രൂപം നൽകും. അകന്ന് നിൽക്കുന്ന ശോഭ സുരേന്ദ്രൻ മത്സരിക്കുന്ന കാര്യത്തിലും യോഗത്തിൽ തീരുമാനമെടുക്കും. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനവും ഇന്ന് പൂർത്തിയാക്കും. രണ്ട് ദിവസത്തിനുള്ളിൽ സ്ഥാനാർഥി നിർണയം പൂർത്തിയാക്കാനാണ് ബിജെപി നേതൃത്വത്തിൻ്റെ ശ്രമം.