തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിപക്ഷ സംഘടനകൾ നടത്തിയ പ്രതിഷേധ മാർച്ചില്‍ സംഘർഷം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകരാണ് ആദ്യം പ്രതിഷേധവുമായെത്തിയത്. ബാരി കേഡുകൾ തള്ളി മാറ്റാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വീണ്ടും സംഘടിച്ചെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ജലീലിന്‍റെ കോലം കത്തിച്ചു. വീണ്ടും സംഘർഷമുണ്ടായതോടെ പൊലീസ് ലാത്തിചാർജ് നടത്തി. ഇതിനു പിന്നാലെയാണ് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് എത്തിയത്. ബാരിക്കേട് തള്ളിമാറ്റാൻ ശ്രമിച്ച യൂത്ത്കോൺഗ്രസ് പ്രവർത്തകർക്ക് നേരേയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായതോടെ പൊലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശി. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ എസ്.എം.ബാലു ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ബിജെപി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിനു നേരെ പൊലീസ് നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി നാളെ സംസ്ഥാനത്ത് കരിദിനം ആചരിക്കും. എല്ലാ നിയോജക മണ്ഡലങ്ങളിലും ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം സംഘടിപ്പിക്കും. ജലീൽ മന്ത്രി സ്ഥാനം രാജിവെക്കും വരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം