തിരുവനന്തപുരം: കവിക്ക് പ്രത്യേക വേഷമില്ലെന്നും ഭാഷാസ്നേഹം പ്രകടിപ്പിക്കാൻ മുണ്ടുടുത്ത് നടക്കേണ്ട കാര്യമില്ലെന്നും കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാർ ഐഎഎസ്. മാധ്യമ പ്രവർത്തകനായ ബിനോയ് കൃഷ്‌ണന്‍റെ കവിതാസമാഹാരം 'അമൂർത്തം' പ്രകാശനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിരപരിതമായ കാര്യങ്ങളിൽ അപരിചിത കാര്യങ്ങൾ അവതരിപ്പിക്കുമ്പോഴാണ് കവിയാവുന്നത്. സ്വതന്ത്രമാണ് കവികളുടെ സത്ത. അതാണ് ഒരു കവിയെ നിർവചിക്കുന്നത്. കവികൾ ജീവിതത്തിന്‍റെ യഥാർഥ സൗന്ദര്യത്തിലേക്ക് നമ്മെ നയിക്കുന്നു. ചിലർ നവംബർ ഒന്ന് പേലെയുള്ള ദിനങ്ങളിൽ സെറ്റ് സാരിയുടുത്തും മുണ്ടുടുത്തും വരാറുണ്ട്. എന്നാൽ ഭാഷാസ്നേഹിയെന്ന് തെളിയിക്കാൻ തനിക്ക് ഒരു വേഷത്തിന്‍റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
'അരുതെന്ന് പറയാനുളള ധൈര്യമാണ് കവിത': കവികൾക്ക് പ്രത്യേക വേഷമില്ല. അതൊക്കെ സമൂഹം കൽപ്പിച്ചുകൊടുത്തത് മാത്രം. മനസിൽ ഒരു കനലുണ്ടാവുകയും അതിനെ ഉപാസിക്കുന്നവനുമാണ് കവിയാവുക. കവികൾ ജീവിതത്തിന്‍റെ യഥാർഥ സൗന്ദര്യത്തിലേക്കാണ് വായനക്കാരെ നയിക്കുന്നത്. കവിതയിൽ മോശപ്പെട്ട കാര്യം പറയുമ്പോൾ അതിനെ മറികടക്കാനും കവി അതിൽ പറയുന്നുണ്ട്. മറക്കേണ്ട കാര്യങ്ങൾ ഓർക്കുമ്പോഴാണ് മനുഷ്യന് ദുഃഖമുണ്ടാകുന്നത്. അവിടെയാണ് കവിയുടെ പ്രസക്തി.
മാമ്പഴം, വീണപൂവ് പോലെ സാധാരണ കാര്യങ്ങളിൽ അസാധാരണത്വം കണ്ടെത്തുകയാണ് കവിയുടെ രീതിയെന്നും ആദിമ കവി മുതൽ എല്ലാ കവികളും മാനിഷാദയാണ് പഠിപ്പിക്കുന്നത്. അരുതെന്ന് പറയാനുളള ധൈര്യമാണ് കവിതകളെന്നും കെ ജയകുമാർ ഐഎഎസ്, പുസ്‌തക പ്രകാശനം നിര്‍വഹിച്ച് സംസാരിക്കവെ പറഞ്ഞു.
കവിതാസമാഹാരം, ജയകുമാർ ഐഎഎസില്‍ നിന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ സി നാരായണൻ ഏറ്റുവാങ്ങി. ചടങ്ങിൽ സംവിധായകന്‍ പാമ്പള്ളി, ഗാനരചയിതാവ് സതീഷ് രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. വ്യത്യസ്‌ത കവിതകളുടെ സമാഹാരമായ 'അമൂർത്തം' നാഷണല്‍ ബുക്‌സാണ് പുറത്തിറക്കിയത്.