തിരുവനന്തപുരം: ലഹരി മരുന്ന് കേസിലെ കള്ളപ്പണ ഇടപാടില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി തിരുവനന്തപുരത്ത് എത്തി. ബിനീഷിനെ സ്വീകരിക്കാന്‍ സുഹൃത്തുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പടെ നിരവധി പേരാണ് വിമാനത്താവളത്തില്‍ തടിച്ചുകൂടിയത്. കാലം സത്യത്തെ ചേര്‍ത്തുപിടിച്ചെന്ന് പറഞ്ഞ ബിനീഷ് കൂടുതല്‍ പ്രതികരണത്തിന് തയാറായില്ല.
പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും ബിനീഷ് കോടിയേരി പറഞ്ഞു. വിമാനത്താവളത്തില്‍ നിന്ന് മരുതംകുഴിയിലെ വീട്ടിലെത്തിയ ബിനീഷിനെ അച്ഛന്‍ കോടിയേരിയും കുടുംബാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. ഒരു വര്‍ഷത്തിന് ശേഷം മകനെ കണ്ടതില്‍ സന്തോഷമുണ്ടെന്ന് കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.
ALSO READ: ഓട്ടോ വിളിച്ച് ഡ്രൈവറെ കൊല്ലാന്‍ ശ്രമം, വാഹനം കത്തിച്ചു; കോട്ടയത്ത് രണ്ടുപേര്‍ പിടിയില്‍
സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള മടക്കത്തിന് ധൃതി വേണ്ടെന്നും ആലോചിച്ച് തീരുമാനമെടുക്കുമെന്നും കോടിയേരി പറഞ്ഞു. കൂടുതല്‍ പ്രതികരണത്തിന് ബിനീഷ് കോടിയേരി തയാറായില്ലെങ്കിലും ഇ.ഡിക്കെതിരെ വരും ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയേക്കും. ഇഡിയുടേത് രാഷ്ട്രീയ വേട്ടയാടലെന്നും ഇതിന് പിന്നില്‍ ബി.ജെ.പിയാണെന്നും ബിനീഷ് കോടിയേരി ഇന്നലെ ആരോപിച്ചിരുന്നു.
ശനിയാഴ്‌ച രാത്രി എട്ടരയോടെയാണ് ബിനീഷ് പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. അറസ്‌റ്റിലായി ഒരു വര്‍ഷത്തിന് ശേഷമായിരുന്നു ജയില്‍ മോചനം.