തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്നും രണ്ടു കോടി രൂപ തട്ടിയെടുത്ത കേസിൽ സീനിയർ അക്കൗണ്ടന്‍റ് എം. ബിജുലാലിനെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ നൽകി. സൈബർ വിദഗ്‌ധർ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാൻ പ്രതിയെ നാലു ദിവസം കസ്റ്റഡിയിൽ നൽകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷയിലാണ് കോടതി ഉത്തരവ്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.
കേസിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് പ്രതിയുടെ ഭാഗം കേൾക്കാൻ ബിജുലാലിനെ നേരിട്ട് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് വർക്കല കൊവിഡ് സെന്‍ററിൽ കഴിഞ്ഞ പ്രതിയെ അന്വേഷണ ഉദ്യോഗസ്ഥർ ഹാജരാക്കി. പ്രതിക്ക് പറയാനുള്ളത് കേട്ടതിന് ശേഷമാണ് അപേക്ഷയിൽ വിധി നൽകിയത്.
വിരമിച്ച ട്രഷറി ജീവനക്കാരന്‍റെ പാസ്‌വേഡ് ഉപയോഗിച്ചാണ് ബിജുലാൽ രണ്ട് കോടിയിലധികം രൂപ തട്ടിയെടുത്തത്. ഇതിൽ 60 ലക്ഷം രൂപ കുടുംബാംഗങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടെന്നും പ്രതിയുടെ ഓൺലൈൻ റമ്മി കളി ഉൾപ്പെടയുള്ള കാര്യങ്ങൾ അന്വേഷിക്കേണ്ടി വരുമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.