തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (നവംബര്‍ 18) ആരംഭിക്കുന്ന നവകേരള സദസിന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രയ്ക്ക് ഉപയോഗിക്കുന്ന ബസിന് മറ്റ് കോൺട്രാക്‌ട് ക്യാരേജ് ബസുകൾക്കുള്ള നിയമങ്ങൾ ബാധകമല്ലെന്ന് സർക്കാർ. ബസ് രജിസ്റ്റർ ചെയ്യുന്നത് കോൺട്രാക്‌ട് ക്യാരേജ് പെർമിറ്റിലാണെന്നും ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കെഎസ്ആർടിസിയുടെ ടൂറിസം പദ്ധതിക്കായി ബസ് ഉപയോഗിക്കുമെന്നും സർക്കാറിനും സർക്കാർ നിർദേശിക്കുന്ന വിവിഐപികൾക്കും ബസ് ആവശ്യപ്പെടുമ്പോൾ വിട്ടു നൽകണമെന്നും ഉത്തരവിൽ പറയുന്നു.
ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറത്തിലെ കളർ കോഡ് നവകേരള സദസിന് ഉപയോഗിക്കുന്ന ബസിന് ബാധകമല്ല. പുറത്ത് നിന്നുള്ള വൈദ്യുതിയിൽ ഏസി പ്രവർത്തിപ്പിക്കാമെന്നും ഇൻവർട്ടർ ഉപയോഗിക്കാമെന്നും ഉത്തരവിൽ പറയുന്നു. 1.05 കോടി രൂപയായിരുന്നു ബസിനായി സർക്കാർ അനുവദിച്ചതെന്നും ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ പറഞ്ഞു.
നാളെ (നവംബര്‍ 18) മുതൽ ഡിസംബർ 24 വരെയാണ് സംസ്ഥാനമൊട്ടാകെ നവകേരള സദസ് നടക്കുക. മഞ്ചേശ്വരത്ത് ആരംഭിക്കുന്ന പരിപാടി തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവിലാണ് അവസാനിക്കുക. ബെംഗളൂരുവിലെ ലാല്‍ബാഗിലെ ബസ് ബോഡി നിര്‍മിക്കുന്ന സ്വകാര്യ കമ്പനിയുടെ ഓഫിസില്‍ നിന്ന് പുറപ്പെട്ട ബസ് നാളെ കാസർകോടാണ് എത്തിക്കുന്നത്.
ബയോ ടോയ്‌ലറ്റ്, ഫ്രിഡ്‌ജ്, ഡ്രൈവർക്ക് അടുത്ത് മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ സ്പോട് ലൈറ്റുള്ള സ്പെഷ്യൽ ഏരിയ എന്നിവ ബസിലുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. എസ്എം കണ്ണപ്പയുടെ മാണ്ഡ്യയിലെ ഫാക്‌ടറിയിലാണ് ബസിന്‍റെ ബോഡി നിര്‍മിച്ചത്.
നവകേരള സദസ് നാളെ മുതല്‍: മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെയില്‍ നാളെ (നവംബര്‍18) വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വനകേരള സദസ് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും നവകേരള സദസിന്‍റെ ഭാഗമായി പര്യടനം നടത്തും. സ്വാതന്ത്ര്യ സമര സേനാനികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, വിവിധ മേഖലകളിലെ പ്രമുഖര്‍, തെരഞ്ഞെടുക്കപ്പെട്ട മഹിള, യുവജന, കോളജ് യൂണിയന്‍ ഭാരവാഹികള്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ പ്രതിഭകള്‍, കലാകാരന്മാര്‍, സെലിബ്രിറ്റികള്‍, അവാര്‍ഡ് ജേതാക്കള്‍, തെയ്യം കലാകാരന്‍മാര്‍, സാമുദായിക സംഘടന നേതാക്കള്‍, മുതിര്‍ന്ന പൗരന്‍മാരുടെ പ്രതിനിധികള്‍, വിവിധ സംഘടന പ്രതിനിധികള്‍, ആരാധനാലയങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ മണ്ഡലം സദസിലെ പ്രത്യേക ക്ഷണിതാക്കളാകും. ഇവരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്‌ച നടത്തും.