തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കാന്‍ തയ്യാറായിരിക്കാന്‍ ജീവനക്കാര്‍ക്ക് ബെവ്‌കോ എംഡിയുടെ നിര്‍ദേശം. മെയ് മൂന്നിന് ലോക്ക് ഡൗണ്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് മദ്യശാലകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ബെവ്‌കോ എംഡി സ്‌പര്‍ജന്‍ കുമാര്‍ ഐപിഎസ് സര്‍ക്കുലര്‍ ഇറക്കിയത്. ഇളവ് അനുവദിച്ച് മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ സുരക്ഷിതമായിരിക്കാനുള്ള നിര്‍ദേശങ്ങളാണ് എംഡി നല്‍കിയിരിക്കുന്നത്.
പത്തിന നിര്‍ദേശങ്ങളാണ് സര്‍ക്കുലറിലുള്ളത്. കൊവിഡ് രോഗം പടരാതിരിക്കാന്‍ ഔട്ട്‌ലെറ്റുകള്‍ പൂര്‍ണമായും അണുനശീകരണം നടത്തിയെന്ന് ഉറപ്പുവരുത്തണം. സര്‍ക്കാരിന്‍റെ നിര്‍ദേശം വന്നതിന് ശേഷം മാത്രമേ അണുനശീകരണത്തിനായി ഔട്ട്‌ലെറ്റുകള്‍ തുറക്കാവൂവെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. സാനിറ്റൈസറും കൈകഴുകുന്നതിനുള്ള സംവിധാനവുമൊരുക്കണം. തിരക്ക് ഉണ്ടാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. ഇതിനായി ജീവനക്കാരെ കൂടുതല്‍ നിയമിക്കണം. ഇതിന്‍റെ ഭാഗമായി ജീവനക്കാരുടെ കണക്കെടുക്കാനും മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മദ്യം വാങ്ങാനെത്തുന്നവരുടെ താപനില തെര്‍മല്‍ മീറ്റര്‍ കൊണ്ട് പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഷോപ്പിന് മുന്നില്‍ വരിനില്‍ക്കാന്‍ അനുവദിക്കാവൂ. ജീവനക്കാരെല്ലാവരും സാമൂഹിക അകലം പാലിക്കണം. സുരക്ഷയ്‌ക്കായി കൈയുറയും മാസ്‌കും ധരിക്കണമെന്നും നിര്‍ദേശമുണ്ട്. മെയ് മൂന്നിന് ശേഷം മദ്യശാലകള്‍ക്ക് ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിവറേജസ് കോര്‍പ്പറേഷന്‍റെ നീക്കം. മദ്യശാലകള്‍ തുറക്കുന്നതിന് സര്‍ക്കാരിന് കേന്ദ്രത്തിന്‍റെ അനുമതി ആവശ്യമാണ്. ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെ പ്രവര്‍ത്തനാനുമതി ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. മെയ് നാല് മുതലാണ് ഇളവ് പ്രതീക്ഷിക്കുന്നത്.