തിരുവനന്തപുരം : മൃഗശാലയിലെ ബംഗാൾ കുരങ്ങിന്‍റെ ശസ്‌ത്രക്രിയ വിജയം (Bengal monkey surgery success). കുരങ്ങിന് ഗ്യാസ് അനസ്‌തേഷ്യ (Gas anesthesia) നൽകി മയക്കിയായിരുന്നു ശസ്‌ത്രക്രിയ. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ ശസ്‌ത്രക്രിയ നടത്തുന്നത്. മൃഗശാലയിൽ തന്നെ ജനിച്ചുവളർന്ന 22 വയസ് പ്രായമുള്ള മാളു എന്ന പെൺ ബംഗാൾ കുരങ്ങിനാണ് സ്‌തനാർബുധത്തെ തുടർന്ന് ഇന്നലെ (നവംബർ 17) ശസ്‌ത്രക്രിയ നടത്തിയത്. 64 ഗ്രാം ഭാരമുള്ള മുഴയാണ് സ്‌തനത്തിൽ നിന്ന് ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌തത്.
എന്താണ് ഗ്യാസ് അനസ്‌തേഷ്യ?
ശസ്‌ത്രക്രിയയ്‌ക്കായി അനസ്‌തേഷ്യ നൽകുമ്പോൾ ഡോസ് കൂടി പോകുമോ എന്ന പ്രശ്‌നം ഗ്യാസ് അനസ്‌തേഷ്യ നൽകുമ്പോൾ ഉണ്ടാകില്ല. കുരങ്ങിന്‍റെ പ്രതികരണം അനുസരിച്ച് ഡോസ് കൂട്ടാനും കുറയ്‌ക്കാനും സാധിക്കും. വയസായ മൃഗങ്ങളുടെ ശസ്‌ത്രക്രിയയ്‌ക്ക് ഗ്യാസ് അനസ്‌തേഷ്യ നൽകുന്നതാണ് സുരക്ഷിതം.
സംസ്ഥാനത്ത് ഇത് ആദ്യമായാണ് ഗ്യാസ് അനസ്‌തേഷ്യ നൽകി കുരങ്ങിന്‍റെ ശാസ്‌ത്രക്രിയ നടത്തുന്നതെന്ന് മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ ഇടിവി ഭാരതിനോട് പറഞ്ഞു. സ്‌തനാർബുദം കൂടുതൽ ആഴത്തിൽ പടർന്ന് തുടങ്ങിയ സാഹചര്യത്തിലാണ് അടിയന്തരമായി കുരങ്ങിന് ശസ്‌ത്രക്രിയ നടത്തിയത്. മൃഗസംരക്ഷണ വകുപ്പിന്‍റെ കുടപ്പനക്കുന്ന് മൾട്ടി സ്‌പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രിയിൽ സർജൻ ഡോ. അനൂപ് ആർ. ന്‍റെ നേതൃത്വത്തിൽ അനസ്‌തേറ്റിസ്‌റ്റ് ഡോ. ലക്ഷ്‌മി, മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ, ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. ജേക്കബ് അലക്‌സാണ്ടർ എന്നിവർ ചേർന്നാണ് ശസ്‌ത്രക്രിയ നടത്തിയത്.
സ്‌തനാർബുദം മെറ്റാസ്റ്റാസിസ് വഴി പടർന്ന് വയറിൽ രൂപപ്പെട്ടിരുന്ന മറ്റൊരു മുഴയും ഇതോടൊപ്പം നീക്കം ചെയ്‌തതായി മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ അറിയിച്ചു. മൂന്ന് മാസം മുൻപാണ് കുരങ്ങിന് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് മൃഗശാല ആശുപത്രിയിൽ ചികിത്സിച്ചു വരികയായിരുന്നു.
ശസ്‌ത്രക്രിയക്ക് ശേഷം കുരങ്ങിനെ മൃഗശാല ആശുപത്രിയിൽ നിരീക്ഷിച്ചു വരികയാണ്. ഇതിനായി 24 മണിക്കൂറും ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. കുരങ്ങിൻ്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും ആഹാരം കഴിച്ചു തുടങ്ങിയതായും ഡോ. നികേഷ് കിരൺ അറിയിച്ചു.