തിരുവനന്തപുരം : കാട്ടാക്കട ജനവാസ മേഖലയിലെ കിണറ്റില്‍ അകപ്പെട്ട കരടി ചത്തു. ഇന്നലെ രാത്രി കിണറ്റില്‍ അകപ്പെട്ട കരടിയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ശ്രമത്തിനിടെയാണ് ചത്തത്. കാട്ടാക്കട വെള്ളനാട് കണ്ണമ്പള്ളിയിലെ അരുണിന്‍റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് കരടി അകപ്പെട്ടത്.
കരടിയെ രക്ഷിക്കാന്‍ ഇന്ന് രാവിലെ മുതല്‍ ശ്രമം ആരംഭിച്ചിരുന്നു. മയക്കുവെടിവച്ചതിന് ശേഷം വലയും കയറും ഉപയോഗിച്ച് പുറത്തെടുക്കാനായിരുന്നു ശ്രമം. മയക്കുവെടി വയ്‌ക്കുന്നതിനായി തിരുവനന്തപുരം മൃഗശാലയിലെ വെറ്ററിനറി ഡോക്‌ടര്‍ ജേക്കബ് അലക്‌സാണ്ടര്‍ സ്ഥലത്തെത്തിയിരുന്നു.
വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ കരടിയെ വലയില്‍ കുരുക്കിയ ശേഷമാണ് മയക്കുവെടിവച്ചത്. ശേഷം വല മുകളിലേക്ക് ഉയര്‍ത്തിയപ്പോള്‍ കരടി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. വെള്ളത്തില്‍ മുങ്ങിപ്പോയ കരടിയെ രക്ഷിക്കാന്‍ പരമാവധി ശ്രമം നടന്നെങ്കിലും വിഫലമായി.
ഇതോടെ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കിണറ്റിലിറങ്ങി കരടിയെ പുറത്തെടുക്കാന്‍ ശ്രമം നടത്തി. എന്നാല്‍ കിണറിന് ആഴം കൂടുതലായത് കൊണ്ട് ഈ ശ്രമവും വിഫലമായി. ഇതോടെ കിണറ്റിലെ വെള്ളം വറ്റിച്ച് പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചു. 50 മിനിറ്റുകൊണ്ടാണ് കിണറ്റിലെ വെള്ളം പൂര്‍ണമായും വറ്റിക്കാന്‍ സാധിച്ചത്.
വെള്ളം വറ്റിച്ചതിന് ശേഷം ഫയര്‍ ഫോഴ്‌സ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കിണറ്റിലിറങ്ങി കരടിയെ പുറത്തെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്‌ടര്‍ ജേക്കബ് അലക്‌സാണ്ടര്‍ നടത്തിയ പരിശോധനയില്‍ കരടി ചത്തുവെന്ന് സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയാണ് കരടി കിണറ്റില്‍ വീണത്.
കിണറിന് സമീപമുള്ള കൂട് തകര്‍ത്ത് കോഴികളെ പിടികൂടാനായി എത്തിയതായിരുന്നു കരടി. കോഴികളെ പിടികൂടുന്നതിനിടെയാണ് കരടി കിണറ്റില്‍ വീണത്.