തിരുവനന്തപുരം : ബാര്‍ട്ടണ്‍ഹില്‍ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അനില്‍കുമാറിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്തവും കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. കേസിലെ പ്രതികളായ ജീവൻ എന്ന വിഷ്‌ണു, മനോജ് എന്നിവര്‍ക്കാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. ഒന്നാം പ്രതിയായ വിഷ്‌ണുവിന് ജീവപര്യന്തം കഠിന തടവും 105000 രൂപ പിഴയും, രണ്ടാം പ്രതി മനോജിന് ജീവപര്യന്തം കഠിന തടവും 40,000 രൂപ പിഴയുമാണ് ശിക്ഷ.
വിഷ്‌ണുവിന്‍റെ ക്രിമിനല്‍ പശ്ചാത്തലം കണക്കിലെടുത്ത് 15 വർഷം പരോള്‍ ഉള്‍പ്പടെയുള്ള മറ്റാനുകൂല്യങ്ങളൊന്നും നൽകരുതെന്ന് കോടതി ഉത്തരവിൽ പറയുന്നു. അനില്‍ കുമാറിന്‍റെ ഭാര്യക്ക് നഷ്‌ട പരിഹാരം നല്‍കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ല ലീഗല്‍ അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി.
also read: കശ്‌മീരില്‍ ടിവി താരത്തിന്‍റെ കൊലയാളികളെ സൈന്യം വധിച്ചു
കേസിന്‍റെ വിചാരണ വേളയില്‍ കൂറുമാറിയ എട്ട് സാക്ഷികള്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും കോടതി ഉത്തരവില്‍ പറയുന്നു. നാലാം അഡീഷണല്‍ ജില്ല ജഡ്‌ജി കെ. ലില്ലിയുടേതാണ് ഉത്തരവ്. കേസിലെ ദൃക്‌സാക്ഷികളായ രതീഷ്, മാത്യു, എബ്രു, പൊന്നച്ചൻ, രഞ്ജിത്ത്, ജോണിക്കുട്ടി, ജോസ്, അൽഫോണ്‍സ് എന്നീ എട്ട് സാക്ഷികള്‍ക്കെതിരെ കര്‍ശന നിയമ നടപടി വേണമെന്ന് ജില്ല ഗവണ്‍മെന്‍റ് പ്ലീഡർ വെമ്പായം എ എ ഹക്കിമിന്‍റെ വാദം പരിഗണിച്ചാണ് കോടതി നടപടി.
2019 മാർച്ച് 24 ന് രാത്രി 11 മണിക്കാണ് അനില്‍കുമാര്‍ ബാർട്ടൺഹിൽ ലോ കോളേജ് ജംഗ്ഷനില്‍വച്ച് കൊല്ലപ്പെട്ടത്. അനില്‍കുമാറുമായി മുമ്പുണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.