തിരുവനന്തപുരം: ലോക്ക് ഡൗണിൽ ഇതുവരെ ഇളവ് ലഭിക്കാത്ത മേഖലകളിലൊന്നാണ് ബാർബർ ഷോപ്പുകൾ. ബാര്‍ബര്‍ ഷോപ്പുകളില്‍ ഉപജീവനം നടത്തുന്ന ആയിരങ്ങളാണ് വരുമാനമില്ലാതെ കഷ്‌ടപ്പെടുന്നത്. രോഗവ്യാപനത്തിന് സാധ്യതയേറെയുള്ളതുകൊണ്ടാണ് ബാർബർ ഷോപ്പുകളുടെ പ്രവർത്തനത്തിന് സർക്കാർ നിയന്ത്രണം പിൻവലിക്കാത്തത്. പൊതുവായി ഉപയോഗിക്കുന്ന തുണികളും ഉപകരണങ്ങളും രോഗവ്യാപനത്തിന് കാരണമാവാനിടയുണ്ട്. ഇതോടെ ദുരിതത്തിലായത് ഈ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളാണ്.
നിരവധി കുടുംബങ്ങളുടെ ഏക വരുമാനമാണ് ഇതോടെ നിലച്ചിരിക്കുന്നത്. ദുരിതങ്ങൾ ഏറെയുണ്ടെങ്കിലും സർക്കാർ നിർദേശങ്ങൾ പാലിക്കാൻ ഇവർ തയ്യാറാണ്. രോഗം പകരാൻ തങ്ങൾ ഒരു കാരണമാകരുതെന്നതാണ് ഇവരുടെ തീരുമാനം. എന്നാൽ വീടുകളിൽ പോയി ജോലി ചെയ്യുന്നതിന് ഇവർക്ക് ഉപാധികളോടെ ഇളവുകൾ നൽകിയിട്ടുണ്ട്. ഇത് നേരിയ ആശ്വാസം നൽകുന്നു.
എന്നാൽ ലോക്ക് ഡൗൺ കഴിഞ്ഞ് കടകൾ പ്രവർത്തിക്കുമ്പോൾ കാത്തിരിക്കുന്നത് വലിയൊരു സാമ്പത്തിക ബാധ്യതയാണ്. അടഞ്ഞുകിടക്കുന്ന സമയത്തെ കട വാടക, വൈദ്യുതി ചാർജ് അടക്കമുള്ളവ തീർക്കാൻ പണം കണ്ടെത്തണം. സർക്കാരിൽ നിന്നുള്ള സഹായമാണ് ഇവരുടെ ഏക പ്രതീക്ഷ.