തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റേത് അപകട മരണമെന്ന് സി.ബി.ഐ കണ്ടെത്തല്‍. തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ സി.ബി.ഐ ഇന്നു സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അപകട സമയത്ത് വാഹനം ഓടിച്ചിരുന്ന ബാലഭാസ്‌കറിന്‍റെ ഡ്രൈവര്‍ അര്‍ജുന്‍ നാരായാണന് എതിരെയാണ് കുറ്റപത്രം. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് അര്‍ജുനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.
കേസില്‍ തെറ്റായ സാക്ഷി മൊഴി നല്‍കിയ കലാഭവന്‍ സോബി ജോര്‍ജിനെതിരെ ഇന്ത്യ ശിക്ഷാ നിയമ പ്രകാരം കേസെടുക്കാന്‍ കുറ്റപത്രത്തില്‍ ശുപാര്‍ശയുണ്ട്. 132 സാക്ഷികളേയും 100 ല്‍ അധികം വസ്തുതാ തെളിവുകളും പരിശോധിച്ചാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്.
2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെ ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യമ്പിന് സമീപം ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. തൃശൂരില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു കാര്‍ മരത്തില്‍ ഇടിച്ച് അപകടമുണ്ടായത്.ഡ്രൈവര്‍ അര്‍ജുന്‍, ബാലഭാസ്‌ക്കറിന്‍റെ ഭാര്യ ലക്ഷ്മി, മകള്‍ തേജസ്വിനി ബാല എന്നിവരും കാറില്‍ ഉണ്ടായിരുന്നു. മകള്‍ സംഭവസ്ഥലത്തും ബാലഭാസ്‌കര്‍ പിന്നീട് ആശുപത്രിയിലും വച്ച് മരണപ്പെടുകയായിരുന്നു.