തിരുവനന്തപുരം: ബാലഭാസ്‌കറിന്‍റെ അപകടമരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഉണ്ണി സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി ഇന്ന് (22-07-2022). തിരുവനന്തപുരം സി.ജെ.എം കോടതിയാണ് വിധി പറയുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും സുഹൃത്തുക്കളും ചേര്‍ന്ന് ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയതാണെന്നും, മരണത്തില്‍ സി.ബി.ഐ റിപ്പോര്‍ട്ട് തള്ളണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
വാദത്തിനിടെ ബാലഭാസ്‌കറിന്‍റെ ഫോണ്‍ രേഖകള്‍ സി.ബി.ഐ പരിശോധിച്ചില്ലെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. വയലിനിസ്‌റ്റിന്‍റെ മരണത്തിന് ശേഷം ഈ ഫോണ്‍ ഉപയോഗിച്ചത് സുഹൃത്തായ പ്രകാശന്‍ തമ്പിയാണ്. സ്വര്‍ണകള്ളക്കടത്ത് കേസില്‍ പ്രതിയായ പ്രകാശന്‍ തമ്പിയ്‌ക്ക് അപകടത്തിന് പിന്നില്‍ പങ്കുണ്ടെന്നാണ് ഉയരുന്ന മറ്റൊരു ആരോപണം.
എന്നാല്‍ ഈ ഫോണുകള്‍ വിശദമായി പരിശോധിച്ചതാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ഹര്‍ജിയില്‍ വിധി പറയാന്‍ മാറ്റിയത്. ബാലഭാസ്‌കറിന്‍റെ ഡ്രൈവർ അർജുന്‍ അശ്രദ്ധയോടെയും അമിത വേഗത്തിലും വാഹനമോടിച്ചതാണ് അപകട കാരണമെന്നായിരുന്നു ക്രൈം ബ്രാഞ്ച് റിപ്പോർട്ട്.
റിപ്പോർട്ടിനെതിരെ ബാലഭാസ്കറിൻെറ അച്ഛൻ മുഖ്യമന്ത്രിയെ സമീപിച്ചതോടെയാണ് കേസ് സി.ബി.ഐക്ക് സർക്കാർ വിട്ടത്. ക്രൈം ബ്രാഞ്ച് കണ്ടത്തലുകളെ ശരിവയ്ക്കുന്നതായിരുന്നു സിബിഐയുടെ അന്തിമ റിപ്പോർട്ടും. 2019 സെപ്‌റ്റംബർ 25ന് പുലർച്ചെ തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് പള്ളിപ്പുറത്തുവച്ച് വാഹന അപകടത്തിൽ ബാലഭാസ്കറും മകളും മരിക്കുന്നത്.