തിരുവനന്തപുരം: കെടി ജലീല്‍ എംഎല്‍എയ്ക്ക് എതിരെ സ്‌പീക്കർക്ക് പരാതി നൽകി പ്രതിപക്ഷം. ആസാദ് കശ്‌മീര്‍ പരാമര്‍ശത്തിന്‍റെ പേരിലാണ് പ്രതിപക്ഷം സ്‌പീക്കർ എംബി രാജേഷിന് പരാതി നൽകിയത്. പ്രതിപക്ഷത്ത് നിന്നും മാത്യു കുഴൽനാടൻ എംഎല്‍എയാണ് സ്‌പീക്കർക്ക് പരാതി നൽകിയത്.
നിയമസഭ സമിതിയുടെ കശ്‌മീര്‍ സന്ദര്‍ശനത്തിനിടെയാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ജലീല്‍ വിവാദ പരാമര്‍ശം നടത്തിയത്. രാജ്യത്തിന്‍റെ അഖണ്ഡതയ്ക്ക് ചേരാത്ത പരാമര്‍ശമാണ് ജലീലിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. ഇത് നിയമസഭയ്ക്ക് പൊതുസമൂഹത്തിന്‍റെ മുന്നിൽ അവമതിപ്പ് ഉണ്ടാക്കി. അതിനാല്‍ പെരുമാറ്റ ചട്ടലംഘനത്തിന് നടപടി വേണമെന്നാണ് പ്രതിപക്ഷം സ്‌പീക്കറോട് ആവശ്യപ്പെട്ടിരിക്കുന്നത്.
'പാക് അധീന കശ്‌മീര്‍' എന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ 'ആസാദ് കശ്‌മീര്‍' എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ജലീല്‍ വിശേഷിപ്പിച്ചതാണ് വിവാദമായത്. പൊതുവെ പാകിസ്ഥാനും അനുകൂലികളുമാണ് ഈ പ്രയോഗം നടത്താറുള്ളത്. വിഭജനകാലത്ത് കശ്‌മീരിനെ രണ്ടായി പകുത്തിരുന്നു എന്നായിരുന്നു ജലീലിന്‍റെ മറ്റൊരു പരാമര്‍ശം.
Also read: ആസാദ് കശ്‌മീര്‍ പരാമര്‍ശം, ജലീലിനെതിരെ തിരുവല്ല കോടതിയില്‍ ആർഎസ്എസ് നേതാവിന്‍റെ ഹര്‍ജി