തിരുവനന്തപുരം : ഓട്ടിസമെന്ന രോഗത്തിന് മേല്‍ ആറാം വയസിൽ തന്നെ തന്‍റെ സാഹിത്യ രചനകളാൽ പുതിയ ലോകം പണിതവനാണ് സത്യജിത്ത്. ചുറ്റുമുള്ളവര്‍ അനുകമ്പയോടെ നോക്കുമ്പോള്‍ സത്യജിത്ത് അവന്‍റേതായ ലോകത്ത് പുതിയ സാഹിത്യ രചനകളുടെ പണിപ്പുരയിലാണ്. പന്ത്രണ്ടാം വയസിലെത്തുമ്പോള്‍ ഇംഗ്ലീഷ്, സംസ്‌കൃതം, ഹിന്ദി, മലയാളം എന്നിങ്ങനെ നാല് ഭാഷകള്‍ കൈകാര്യം ചെയ്യുന്നതോടൊപ്പം സത്യ എന്ന തൂലികാനാമത്തില്‍ നാല് പുസ്‌തകങ്ങളുടെ രചയിതാവുമായി ഈ ബാലന്‍ (Autism patient Sathyajith who wrote four books).
ആറാം വയസില്‍ ശാസ്‌തമംഗലം ശിശു വികാസ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ മഴയെക്കുറിച്ചെഴുതിയ വര്‍ണനാ കുറിപ്പാണ് എഴുത്തുലോകത്തേക്ക് സത്യയെ കൈപിടിച്ച് കയറ്റിയത്. അന്നതില്‍ സ്‌നേഹവും സങ്കടവും തമാശയുമെല്ലാം ഉണ്ടായിരുന്നു. എന്നാല്‍, സത്യസായിബാബയുടെ കടുത്ത ആരാധകനായ സത്യയുടെ രചനകള്‍ പിന്നീട് പറഞ്ഞതും പറഞ്ഞുകൊണ്ടിരിക്കുന്നതും സ്‌നേഹത്തെക്കുറിച്ചാണ്.
കൈയ്യൊപ്പ്, പ്രയാണം, അര്‍പ്പണം, ശ്രീകൃഷ്‌ണ ലീലാമൃതം, ഈ നാലുപുസ്‌തകങ്ങളിലും പറയാതെ കൂട്ടിവച്ച വാക്കുകളുടെ വീര്‍പ്പുമുട്ടലുകള്‍ വരികള്‍ക്കിടയില്‍ അനുഭവിക്കാനാകും. കവിത, കഥ, ലേഖനം തുടങ്ങി വിവിധ സാഹിത്യ രചനകളിലൂടെ സത്യ ലോകത്തോട് സംസാരിക്കുന്നു. പ്രളയവും ദശാവതാരങ്ങളും ഉപനിഷത്തുകളും ഈ എട്ടാം ക്ലാസുകാരന്‍റെ രചനകളില്‍ ഇടം പിടിച്ചു. ക്രിയാത്മകരംഗത്ത് മികവ് പുലര്‍ത്തിയ ഭിന്നശേഷിക്കാരനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡിനും അര്‍ഹനായിരിക്കുകയാണ് സത്യ.
Also read: ആഗ്രഹങ്ങൾക്ക് ഒന്നും തടസമല്ല; ഹിമാലയത്തിൽ 14,000 അടി ഉയരത്തിലെത്തി ഓട്ടിസം ബാധിതനായ 12കാരൻ
ഹിമാലയത്തിൽ 14,000 അടി ഉയരത്തിലെത്തിലെത്തി ഓട്ടിസം ബാധിതനായ 12കാരൻ : ഹിമാലയത്തിൽ 14,000 അടി ഉയരത്തിലെത്തി ഓട്ടിസം ബാധിതനായ 12കാരൻ കഴിഞ്ഞ വർഷം വാർത്തകളിൽ നിറഞ്ഞിരുന്നു. കോയമ്പത്തൂർ വേദപട്ടിയിൽ താമസിക്കുന്ന സത്യമൂർത്തിയുടെയും വിനയ കസ്‌തൂരിയുടെയും മൂത്ത മകനായ യതീന്ദ്ര (12) ആണ് ഹിമാലയത്തിലെ ബിയാസ് കുണ്ഡ് പർവത നിരകളിൽ 14,000 അടി ഉയരത്തിലെത്തിയത്. ബിയാസ് കുണ്ഡ് പർവതനിരകൾക്ക് 28,000 അടി ഉയരമാണ് ഉള്ളത്.
യതീന്ദ്ര 14,000 അടി ഉയരത്തിലെത്തിയത് നാല് ദിവസം കൊണ്ടാണ്. ദേശീയ പതാക വീശി യതീന്ദ്ര അതിന്‍റെ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്‌തു. ഇതോടെ ഹിമാലയത്തിൽ ട്രെക്കിങ് നടത്തി 14,000 അടി ഉയരത്തിലെത്തുന്ന ആദ്യത്തെ ആൺകുട്ടിയെന്ന ബഹുമതിയും യതീന്ദ്ര സ്വന്തമാക്കി.
രണ്ട് വയസ് ഉള്ളപ്പോഴാണ് യതീന്ദ്ര ഓട്ടിസം ബാധിതനാണെന്ന് രക്ഷിതാക്കൾ തിരിച്ചറിഞ്ഞത്. തുടർന്ന്, മകനെ സത്യമൂർത്തിയും വിനയ കസ്‌തൂരിയും യോഗ, കരാട്ടെ, നീന്തൽ ഉൾപ്പടെ അഭ്യസിപ്പിച്ചു. 12-ാം വയസിൽ, സ്ഥിരമായി ഹിമാലയത്തിൽ ട്രെക്കിങ്ങിന് പോകുന്ന കുടുംബ സുഹൃത്തായ ആൻഡ്രൂ ജോൺസിനൊപ്പം യതീന്ദ്രയെയും അയയ്‌ക്കുകയുമായിരുന്നു.