തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഓഡിറ്റിങ് വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം അഴിമതി മൂടിവെക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമവിരുദ്ധമായ ഉത്തരവ് എന്ത് അടിസ്ഥാനത്തിലാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതുവരെ നടത്തിയ ഓഡിറ്റ് റിപ്പോർട്ടും പുറത്ത് വിടേണ്ടെന്നാണ് നിർദ്ദേശം. കിഫ്ബിയിലും കണ്ണൂർ വിമാനത്താവളത്തിലും ഓഡിറ്റിങ്ങ് വേണ്ടെന്നാണ് സർക്കാർ നിലപാട്. ഇതെല്ലാം അഴിമതി മൂടിവെക്കാന്‍ വേണ്ടിയാണ്. ഓഡിറ്റ് നടന്നാൽ അഴിമതി പുറത്ത് വരുമെന്നതിലാണ് സർക്കാർ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.ഓഡിറ്റ് ഡയറക്ടർക്ക് ഇത്തരമൊരു ഉത്തരവിറക്കാൻ അധികാരമില്ല. നിയമവിരുദ്ധമായി ഉത്തരവിറക്കിയ ഓഡിറ്റ് ഡയറക്ടറെ പ്രോസിക്യൂട്ട് ചെയ്യണമെന്നും അടിയന്തരമായി ഉത്തരവ് പിൻവലിക്കാൻ സർക്കാർ തയാറായില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു.
കൊവിഡ് പ്രതിരോധം ഇതിൽ കൂടുതൽ മോശമാക്കാൻ ഒരു സർക്കാരിനും കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. സർക്കാറിന്‍റെ അലംഭാവത്തിനും പിടിപ്പുകേടിനും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയാണ്. മുഖ്യമന്ത്രിയുടെ തരംതാണ രാഷ്ട്രീയക്കളി അവസാനിപ്പിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കുന്നത് അഴിമതി പുറത്തു വരുമ്പോൾ ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ മാത്രമാണ്. കളമശേരി മെഡിക്കൽ കോളജിൽ നിന്ന് പുറത്തു വരുന്ന വാർത്തകള്‍ കേരളത്തിന്‍റെ യശസിനെ ബാധിക്കുന്നതാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ആരോഗ്യ വകുപ്പ് മന്ത്രി പൊങ്ങച്ചം നിർത്തി യാഥാർത്ഥ്യ ബോധത്തോടെ പ്രതിരോധ പ്രവർത്തനം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.