തിരുവനന്തപുരം: കൊവിഡ് വലച്ച രണ്ടു കൊല്ലത്തിനുശേഷം ഭക്തജന സാന്ദ്രമായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ പൊങ്കാലയ്ക്കായി വരുന്ന ഭക്തർക്കായി പ്രത്യേക സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഏകദേശം 50 ലക്ഷത്തിലധികം ആളുകൾ പൊങ്കാലയ്ക്കായി തലസ്ഥാന നഗരിയില്‍ എത്തുമെന്നാണ് കണക്കുകൂട്ടൽ. ഉയർന്നുകൊണ്ടിരിക്കുന്ന താപനിലയും നഗരത്തിൽ തന്നെ ഇടയ്ക്കിടെയുണ്ടായ തീ പിടിത്തത്തിനും പിന്നാലെ ആറ്റുകാൽ പൊങ്കാലയ്ക്ക് പ്രത്യേക സംവിധാനം ഒരുക്കി അഗ്നി രക്ഷാസേനയും രംഗത്തുണ്ട്.
സാധാരണയായുള്ള ഉത്സവ ആഘോഷ സീസണുകളിലെ പൊലീസ് വിന്യാസത്തിന് പുറമേ മെഡിക്കൽ വിഭാഗം, ഭക്ഷ്യസുരക്ഷ വിഭാഗം ഉള്‍പ്പടെ ആറ്റുകാൽ ക്ഷേത്രത്തിനു സമീപം പ്രത്യേക കൗണ്ടറുകൾ തുറന്നു മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷ വീഴ്‌ചകൾ ഉയർന്ന് കൊണ്ടിരിക്കെ വൻ ജാഗ്രതയാണ് ഇക്കാര്യത്തിൽ ഭക്ഷ്യ സുരക്ഷാവകുപ്പ് എടുത്തിരിക്കുന്നത്.
സുരക്ഷ മുന്നില്‍കണ്ട്: പൊങ്കാലയ്ക്കായി എത്തുന്ന ഭക്തരുടെ എല്ലാവിധ സുരക്ഷയ്ക്കും മുൻഗണന കൊടുത്തുകൊണ്ട് തന്നെയാണ് ഇത്തവണത്തെ പൊങ്കാല മഹോത്സവം നടക്കുന്നത്. പൊങ്കലയുടെ സുഗമമായ നടത്തിപ്പിന് വാട്ടർ അതോറിറ്റി, കെഎസ്ആർടിസി തുടങ്ങി വിവിധ വകുപ്പുകളും ആറ്റുകാലിൽ സജീവമാണ്. തിങ്കളാഴ്ച മുതൽ ചൊവ്വാഴ്ച രാത്രി വരെ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുമുണ്ട്.
അപാകതയ്‌ക്ക് നടപടി: അതേസമയം പൊങ്കാലയുടെ സജ്ജീകരണങ്ങൾ വിശദീകരിക്കുന്ന മേയർ ആര്യ രാജേന്ദ്രന്‍റെ വാർത്താസമ്മേളനം കഴിഞ്ഞദിവസം നടന്നിരുന്നു. പൊങ്കാലയ്ക്ക് ശേഷം ബാക്കിയാക്കുന്ന ഇഷ്‌ടികകൾ ശേഖരിക്കുന്നവർക്കെതിരെ പിഴ ചുമത്തുമെന്ന് മേയർ അറിയിച്ചിരുന്നു. പൊങ്കാലയിടാനായി ഉപയോഗിക്കുന്ന മണ്‍ കലങ്ങൾ ഉണ്ടാക്കാൻ റെഡ് ഓക്സൈഡ്, ബ്ലാക്ക് ഓക്സൈഡ് എന്നിവ ഉപയോഗിച്ചിട്ടുണ്ടെന്ന ആക്ഷേപം പരിശോധിക്കുമെന്നും അപാകത കണ്ടാല്‍ നടപടിയുണ്ടാകുമെന്നും മേയര്‍ വ്യക്തമാക്കിയിരുന്നു.
നാടും നഗരവും ഒരുങ്ങി: പൊങ്കാലയ്‌ക്ക് മുന്നോടിയായി നഗരസഭ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചുരുന്നു. 5.16 കോടി രൂപ ചെലവഴിച്ച് സ്‌മാർട്ട് സിറ്റി പദ്ധതിക്ക് കീഴിൽ 10 റോഡുകളും നഗരസഭ നേരിട്ട് 16 റോഡുകളുടെയും പണി പൂർത്തിയാക്കിയിട്ടുണ്ടെന്നും ആറ്റുകാൽ വാർഡിലെ മുഴുവൻ റോഡുകളിലും അറ്റകുറ്റപണികൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും മേയര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. വാർഡിലെ മുഴുവൻ വൈദ്യുതി ലൈനുകളിലും തെരുവുവിളക്കുകളിലും അറ്റകുറ്റപണികൾ പൂർത്തിയായെന്നറിയിച്ച മേയര്‍ പൊങ്കാലയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നഗരസഭ അഞ്ചോളം മീറ്റിങ്ങുകളാണ് ഇതുവരെ നടത്തിയിട്ടുള്ളതെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.
അടിമുടി ഹരിതം: ഇത്തവണത്തെ പൊങ്കാല ഹരിത പ്രൊട്ടോക്കോൾ പാലിച്ച് നടത്തുന്നതില്‍ നഗരസഭ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും മേയര്‍ വ്യക്തമാക്കി. ഇതിനായി പ്ലാസ്‌റ്റിക്, മൾട്ടി ലെയർ പ്ലാസ്‌റ്റിക്, തെർമോക്കോൾ എന്നിവ ഉപയോഗിച്ചുള്ള കപ്പുകളും ഒഴിവാക്കി അലങ്കാരങ്ങൾക്ക് പ്രകൃതി സൗഹൃദ ഉത്പന്നങ്ങൾ ഉപയോഗിക്കണമെന്നും മേയര്‍ അറിയിച്ചു. പൊങ്കാലയ്ക്ക് ശേഷം പ്രദേശങ്ങളിൽ വീടുകളിലെ തുണി, മെത്ത, മറ്റ് തുകൽ ഉത്പന്നങ്ങൾ എന്നിവ പൊങ്കാലയ്ക്ക് ശേഷമുണ്ടാകുന്ന മാലിന്യങ്ങൾക്കൊപ്പം ഉപേക്ഷിക്കുന്ന രീതി കാണുന്നുണ്ടെന്നും വീടുകളിലെ മാലിന്യങ്ങൾ വഴിയിൽ ഉപേക്ഷിക്കുന്നതിന് പകരം ഹരിതകർമ സേനാംഗങ്ങൾക്ക് കൈമാറണമെന്നും മേയര്‍ പറഞ്ഞു. മാലിന്യ ശേഖരണത്തിനായി നഗരസഭ പുതുതായി ഏർപ്പെടുത്തിയ 10 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കര്‍മവും മേയർ നഗരസഭ അങ്കണത്തിൽ നടന്ന ചടങ്ങിൽ നിര്‍വഹിച്ചിരുന്നു.