തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല പണ്ടാര അടുപ്പിൽ മാത്രം. ക്ഷേത്ര പരിസരത്ത് പൊങ്കാലയിടാൻ ഭക്തരെ അനുവദിക്കില്ല. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് നിയന്ത്രണം. വ്യാഴാഴ്ച രാവിലെ 10.50ന് പണ്ടാര അടുപ്പിൽ തീ പകരും. ഉച്ചക്ക് 1.20ന് പൊങ്കാല നിവേദിക്കും.
ഭക്തജനങ്ങൾ വീടുകളിൽ പൊങ്കാലയിടണമെന്ന് ആറ്റുകാൽ ക്ഷേത്ര ട്രസ്‌റ്റ് ഭാരവാഹികൾ അഭ്യർഥിച്ചു.നിവേദ്യത്തിനായി ക്ഷേത്രത്തിൽ നിന്നും പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടില്ലെന്നും ട്രസ്‌റ്റ് അറിയിച്ചു. കുത്തിയോട്ടം ചടങ്ങായി പണ്ടാര ഓട്ടം മാത്രമായി നടത്തും. പുറത്തേക്കുളള എഴുന്നള്ളിപ്പ് സമയത്ത് പറയെടുപ്പ്, പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരിക്കില്ല.
ജില്ല ഭരണകൂടത്തിന്‍റെ കൊവിഡ് നിയന്ത്രണങ്ങൾ ഭക്തജനങ്ങൾ പാലിക്കണം എന്നും ട്രസ്റ്റ് ഭാരവാഹികൾ ആവശ്യപ്പെട്ടു. 1500 പേര്‍ക്ക് പൊങ്കാല ഇടുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
എന്നാല്‍ 1500 പേരെ തെരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ട് ആയതിനാലാണ് പണ്ടാര അടുപ്പില്‍ മാത്രം പൊങ്കാല മതിയെന്ന് ട്രസ്റ്റ് തീരുമാനിച്ചത്. ആറ്റുകാല്‍ പൊങ്കാല ദിവസം തിരുവനന്തപുരം ജില്ലയില്‍ സര്‍ക്കാര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.