തിരുവനന്തപുരം: വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ ആൾ വർഷങ്ങൾക്കുശേഷം അറസ്റ്റിൽ. കടയ്ക്കൽ ഈയക്കോട് പുല്ലുപണ പന്തുവിളവീട്ടിൽ റോബിൻ (41) ആണ് അറസ്റ്റിലായത്. 2017ൽ തോട്ടയ്ക്കാട് ജംഗ്ഷനിൽ വച്ച് ഷിബു എന്നയാളെ വാളുകൊണ്ട് വെട്ടിയും കമ്പിക്കൊണ്ട് അടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. കേസിലെ ഒന്നാം പ്രതിയായ ബിജുവിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
2010 ലെ അടിപിടി കേസിൽ വർക്കല കോടതി ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. റോബിൻ കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമാണ്. കുറ്റ കൃത്യം നടത്തിയ ശേഷം സംസ്ഥാനത്തിന് അകത്തും പുറത്തും നിരവധി സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ് വരവേ മറ്റൊരു കുറ്റ കൃത്യം നടത്തുന്നതിനായി കുട്ടാളികളെ അന്വേഷിച്ച് വരുന്നതായി ആറ്റിങ്ങൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ കുട്ടു പ്രതികളുടെ വാസസ്ഥലം നിരീക്ഷണത്തിലായിരുന്നു.
ആറ്റിങ്ങൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എസ്.വൈ സുരേഷിന്‍റെ നിർദേശ പ്രകാരം കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഫറോസ് .ഐ, സബ് ഇൻസ്പെക്ടർ ഗംഗാപ്രസാദ്, ഗ്രേഡ് എസ്.ഐമാരായ രാധാകൃഷ്ണൻ, ജയൻ, എ.എസ്.ഐ സുനിൽ എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം കല്ലമ്പലം പുല്ലൂർമുക്ക് തോട്ടത്തിൽ വീട്ടിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.