തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ന്യൂനപക്ഷ വേട്ടയാണ് രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും നടക്കുന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്തിന്‍റെ അടിസ്ഥാനശിലകളെ തകർക്കുന്ന വര്‍ഗീയ അഴിഞ്ഞാട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടുനില്‍ക്കുന്നത് അത്യന്തം ആപത്താണ്. മണിപ്പൂരില്‍ ക്രൈസ്‌തവര്‍ക്കെതിരെയും ഉത്തരാഖണ്ഡിലും മഹാരാഷ്ട്രയിലും മുസ്‌ലിങ്ങള്‍ക്കെതിരെയും ആക്രമണങ്ങൾ നടക്കുന്നു. ഇതിന് പിന്നിൽ ബിജെപിയും ആ പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന വർഗീയ സംഘടനകളുമാണെന്നും രമേശ് ചെന്നിത്തല വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഈ ആക്രമണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണം. എന്നാൽ, രാജ്യത്തിന്‍റെ മതേതരത്വത്തിന്‍റേയും ജനാധിപത്യത്തിന്‍റേയും കാമ്പിനും കരുത്തിനും മുറിവേല്‍പ്പിക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിന് അങ്ങനെയൊരു തീരുമാനമെടുക്കാനുള്ള ആര്‍ജവുണ്ടാകുമോ എന്നതാണ് പ്രശ്‌നം. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ ഉജ്വല വിജയം ബിജെപി ദേശീയ നേതൃത്വത്തെ ഭയപ്പെടുത്തിയിട്ടുണ്ട്. സംഘപരിവാറിന്‍റെ അക്രമണോത്സുകത വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ സ്വീകരിച്ച അതിശക്തമായ നിലപാടിന് ജനങ്ങള്‍ നല്‍കിയ പിന്തുണയാണ് ഈ വിജയമെന്നും ചെന്നിത്തല പറഞ്ഞു.
ഈ വിജയം അവരെ അലോസരപ്പെടുത്തുന്നുണ്ട്. ഇപ്പോൾ നടക്കുന്ന ആക്രമണ പരമ്പരകൾ വര്‍ഗീയ രാഷ്ട്രീയത്തിനെതിരായ ഈ തേരോട്ടത്തെ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയം കൊണ്ട് ചെറുക്കാനുള്ള ബിജെപി തന്ത്രത്തിന്‍റെ ഭാഗമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂര്‍ സന്ദര്‍ശിച്ച് മടങ്ങിയിട്ടും അക്രമങ്ങള്‍ മുന്‍പത്തേക്കാള്‍ കൂടുതൽ ശക്തമാകുകയാണ്. ഇത് സംശയകരമാണ്. അക്രമം തടയുന്നതിൽ സംസ്ഥാന സർക്കാരും കേന്ദ്ര ആഭ്യന്തരവകുപ്പും പൂർണ പരാജയമായി മാറിയിരിക്കുകയാണ്. ബിജെപിയാണ് ഈ ആക്രമണങ്ങളുടെ ഗുണഭോക്താക്കൾ. ബിജെപിയും കൂട്ടരും ഈ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ആർക്ക് വേണ്ടിയാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
'ജനങ്ങളെ അടുപ്പിക്കാനാണ് ശ്രമിക്കേണ്ടത്': രാജ്യത്തെ ഹിന്ദുക്കൾക്ക് വേണ്ടിയാണിതെങ്കിൽ ബിജെപിയുടെ ദുഷ്‌ടബുദ്ധിയല്ല മതസൗഹാര്‍ദവും സ്‌നേഹവുമാണ് ഈ രാജ്യത്തെ ഹിന്ദുക്കളുടെ കൈമുതല്‍ എന്നോർക്കുന്നത് നന്നായിരിക്കും. ന്യൂനപക്ഷങ്ങളുടെ സ്വസ്ഥ ജീവിതം നശിപ്പിക്കുന്ന വംശീയാതിക്രമങ്ങൾ നടത്തുന്നവരെ പിന്തിരിപ്പിക്കാൻ പ്രധാനമന്ത്രി നേരിട്ട് ഇടപെടാൻ വൈകരുതെന്നും ജനങ്ങളെ അടുപ്പിക്കാനാണ് ഭരണാധികാരികളും ഭരിക്കുന്ന പാര്‍ട്ടിയും ശ്രമിക്കേണ്ടതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. മണിപ്പൂർ കലാപത്തിന്‍റെ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രസ്‌താവന.
അതേസമയം, മണിപ്പൂരിൽ വീണ്ടും അക്രമം നടക്കുകയും കഴിഞ്ഞ ദിവസം സുരക്ഷാസേനയും ജനക്കൂട്ടവും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാവുകയും ചെയ്‌ത സാഹചര്യത്തിൽ അക്രമബാധിത പ്രദേശങ്ങളിൽ സൈന്യം ഫ്ലാഗ് മാർച്ച് നടത്തി. അതേസമയം, ആർഎസ്എസും സംസ്ഥാന - കേന്ദ്ര ബിജെപി സർക്കാരുകളാണ് മണിപ്പൂരിലെ കലാപത്തിന് ഉത്തരവാദികളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പ്രതികരിച്ചു. ജനകീയ ഐക്യമാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും എന്നാൽ ആർഎസ്എസിൻ്റേയും ബിജെപിയുടേയും സംഘപരിവാറിന്‍റേയും അജണ്ട പരമാവധി കലാപങ്ങൾ ഉണ്ടാക്കുക എന്നതാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.