തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്ത പ്രതികളെ പള്ളിക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ സ്വദേശികളായ സിഎസ്കെ മന്ദിരത്തിൽ സുഗതകുമാർ, ഇയാളുടെ മകൻ രഞ്ചീഷ് സുഗതൻ എന്നിവരാണ് പൊലീസ് പിടിയിലായത്.
ഈ മാസം 14 നാണ് പള്ളിക്കൽ കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെ ഡോക്ടറെ പ്രതികള്‍ കൈയ്യേറ്റം ചെയ്തത്. പനിക്ക് ചികിത്സ തേടിയ വീട്ടമ്മ രക്തപരിശോധനാ ഫലവുമായി ഡോക്ടറെ കാണാന്‍ എത്തിയപ്പോള്‍ പുറത്തെ മുഴ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ അതിനുള്ള സംവിധാനം ഇല്ലാത്തതിനാൽ സർജനെ കാണിച്ചശേഷം താലൂക്ക് ആശുപത്രിയിലോ ജനറൽ ആശുപത്രിയിലോ സർജറി നടത്താൻ ഡോക്ടർ നിർദേശിച്ചു. ഇത് അംഗീകരിക്കാതെ വീട്ടമ്മ ഭര്‍ത്താവിനെയും മകനെയും വിവരമറിയിച്ചു. ഇരുവരും ആശുപത്രിയിലെത്തി ഡോക്ടറെ അസഭ്യം പറയുകയും സംഭവം ഫോണിൽ റെക്കോർഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ കൈയ്യേറ്റം ചെയ്ത് ഫോൺ നശിപ്പിക്കുകയും ചെയ്തു. ആശുപത്രി ജീവനക്കാരെത്തിയാണ് ഡോക്ടറെ രക്ഷിച്ചത്.
പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പള്ളിക്കൽ പൊലീസ് കേസെടുത്തു. പ്രതികള്‍ ഒളിവില്‍ പോകുകയും തുടര്‍ന്ന് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ജാമ്യം നിഷേധിച്ച കോടതി അന്വേഷണത്തില്‍ പൊലീസിനോട് സഹകരിക്കാന്‍ ഉത്തരവിട്ടു. ആറ്റിങ്ങൽ ഡിവൈ.എസ്.പി വിദ്യാധരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.