തിരുവനന്തപുരം: യുവതിയെ ശല്യം ചെയ്‌തത് ചോദ്യം ചെയ്‌ത കടയുടമയെയും സഹായിയെയും യുവാക്കൾ ആക്രമിച്ചു. ചൊവ്വാഴ്‌ച വൈകുന്നേരം പോത്തൻകോട് മേലേമുക്കിൽ പ്രവർത്തിക്കുന്ന മുന്നാസ് ബേക്കറിയിലാണ് സംഭവം നടന്നത്. സാധനം വാങ്ങിനെത്തിയ യുവതിയെ കാറിലെത്തിയ മൂന്നംഗ സംഘം ശല്യം ചെയ്യാൻ തുടങ്ങി. ഇത് കട ഉടമയായ എം. ഷാജി (48) ചോദ്യം ചെയ്യുകയും ബഹളം കേട്ട് സമീപത്തെ കടക്കാരെത്തി യുവാക്കളെ തടഞ്ഞുവെക്കുകയും ചെയ്‌തു.
തുടർന്ന് സംഘത്തിലെ രണ്ടുപേർ കാറിൽ രക്ഷപ്പെട്ടു. അരമണിക്കൂറിനിടയിൽ പത്തോളം യുവാക്കൾ സംഘമായെത്തി ഷാജിയെ ആക്രമിക്കുകയും കട അടിച്ചുതകർക്കുകയും ചെയ്‌തു. അക്രമണത്തിനിടയിൽ കടയിൽ തിളപ്പിച്ചുവെച്ചിരുന്ന പാൽ ദേഹത്ത് വീണ് കടയുടമയ്ക്കും സഹായിയായ അജീഷ് (28)നും പൊള്ളലേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. വെമ്പായം കന്യാകുളങ്ങര സ്വദേശികളായ യുവാക്കൾ വന്ന കാർ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതപ്പെടുത്തിയതായി പോത്തൻകോട് എസ്.ഐ അജീഷ് പറഞ്ഞു. സംഭവത്തിൽ വ്യാപാരി വ്യവസായ സമിതി പ്രതിഷേധിച്ചു.