തിരുവനന്തപുരം: കെ.എസ്.യു പ്രവര്‍ത്തകന്‍ യാമിൻ മുഹമ്മദിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബൈക്കിലെത്തിയ സംഘം യാമിനെ തടഞ്ഞു നിർത്തി മർദിക്കുന്ന ദൃശ്യങ്ങൾ ഇടിവി ഭാരതിന് ലഭിച്ചു. കഴിഞ്ഞ ദിവസം പട്ടം മുറിഞ്ഞപാലത്തില്‍ വച്ചാണ് യാമിന് നേരെ ആക്രമണം ഉണ്ടായത്. തലക്കും കാലിനും പരിക്കേറ്റ യാമിൻ മുഹമ്മദ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകാൻ ബൈക്ക് പാർക്ക് ചെയ്‌ത് നടന്ന് വരുന്ന യാമിനെ രണ്ട് പേർ ബൈക്കിൽ പിന്തുടർന്നെത്തുന്നതും ഇവർ യാമിനെ വഴിയിൽ തടഞ്ഞ് നിർത്തി ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
ഇതിനിടയിൽ മറ്റൊരു ബൈക്കിലെത്തിയവും യാമിനെ കൈയ്യേറ്റം ചെയ്യുന്നതായും ദൃശ്യങ്ങളിലുണ്ട്. നാട്ടുകാർ നോക്കി നിൽക്കെയായിരുന്നു ആക്രമണം. ചിലർ തടയാൻ ശ്രമിച്ചെങ്കിലും മർദനം തുടര്‍ന്നു. സംഭവത്തിൽ കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരായ അനന്തകൃഷ്ണൻ, നിഖിൽ, ഗോകുൽ എന്നിവരെ മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തു.