തിരുവനന്തപുരം: നിയമന വാഗ്‌ദാന ലംഘനത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം കടുപ്പിച്ച് കായികതാരങ്ങൾ. നിയമനം നൽകാതെ സർക്കാർ വഞ്ചിച്ചെന്ന് ആരോപിച്ച് കായികതാരങ്ങൾ മുടി മുറിച്ച് പ്രതിഷേധിച്ചു. 2010-14 കാലഘട്ടത്തിലെ കായികതാരങ്ങളാണ് നിയമന വാഗ്‌ദാനം പാലിക്കപ്പെടാതെ വന്നതോടെ സമരവുമായി വീണ്ടും രംഗത്തുവന്നത്.
ALSO READ:തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മരണം സംഭവിച്ചാല്‍ ധനസഹായം
നിയമനം നൽകിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയിട്ടും 54 കായിക താരങ്ങൾക്ക് നിയമനം നൽകാതെ സർക്കാർ കബളിപ്പിക്കുകയായിരുന്നുവെന്ന് ഇവർ പറയുന്നു. കായികമന്ത്രി ചർച്ചയ്ക്ക് വിളിച്ചെങ്കിലും അവസാന നിമിഷം പിന്മാറി. നിയമന ഉത്തരവ് ലഭിക്കും വരെ പ്രതിഷേധം തുടരുമെന്നും കായിക താരങ്ങൾ അറിയിച്ചു.
ഏഴാം ദിവസമാണ് കായികതാരങ്ങൾ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ സമരം നടത്തുന്നത്. വിഷയത്തിൽ സ്പോർട്‌സ് കൗൺസിൽ ഇതുവരെ സംസാരിക്കാൻ തയാറായിട്ടില്ലെന്നും ജോലി നൽകിയതായി സർക്കാർ പറയുന്നത് പച്ചക്കള്ളമെന്നും കായികതാരങ്ങൾ ആരോപിച്ചു.