തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിയില്‍ വാദം ബുധനാഴ്‌ച (14.06.2023) തന്നെ പറയണമെന്നറിയിച്ച് കോടതി. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സിപിഐ വനിത നേതാക്കളും മുന്‍ എംഎല്‍എമാരുമായ ഇ.എസ് ബിജിമോളും ഗീതഗോപിയും നല്‍കിയ ഹർജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നിയമപരമായി നിലനില്‍ക്കാത്ത ഹര്‍ജിയില്‍ കക്ഷി ചേരണമെന്ന ആവശ്യവുമായി കോടതിയിലെത്തുന്നത് കേസ് നടപടികളെ വൈകിപ്പിക്കാനെ കഴിയുകയുള്ളുവെന്ന് പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഇതിന് മറുപടി നല്‍കി.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേലാണ് ഹര്‍ജി പരിഗണിച്ചത്. എന്നാല്‍ കേസിൽ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ടി.യു രാധാകൃഷ്‌ണന്‍ സമർപ്പിച്ച ഹർജി കോടതി പരിഗണിച്ചില്ല. കേസിന്‍റെ വിചാരണ തീയതി തീരുമാനിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് തുടരന്വേഷണം ആവശ്യപ്പെട്ട് ഇടത് എംഎൽഎമാർ കോടതിയെ സമീപിച്ചത്.
Also read: വികസനത്തെ ചൊല്ലി എംപിയും മന്ത്രിയും വാക്കേറ്റവും കയ്യേറ്റവും, സാക്ഷിയായി മുഖ്യമന്ത്രി | video
നിയമസഭ കയ്യാങ്കളി ഇങ്ങനെ: 2015 മാര്‍ച്ച് 13 നാണ് ബാര്‍ കോഴകേസിലെ ഏക പ്രതിയായ മുന്‍ ധനകാര്യമന്ത്രി കെ.എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഇടത് എംഎല്‍എമാര്‍ നിയമസഭ തല്ലിതകര്‍ത്തത്. ഇതിലൂടെ 2,20,093 രൂപയുടെ നാശനഷ്‌ടമാണ് ഇടത് എംഎല്‍എമാര്‍ സര്‍ക്കാര്‍ ഖജനാവിനുണ്ടാക്കിയത്. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിക്ക് പുറമെ, മുന്‍ മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, മുന്‍ എംഎല്‍എമാരായ കെ.അജിത്, കുഞ്ഞ്അഹമ്മദ്, സി.കെ സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
മന്ത്രി വി.ശിവന്‍കുട്ടി അടക്കമുള്ള അഞ്ച് ഇടത് നേതാക്കള്‍ക്കെതിരായ കുറ്റപത്രം 2022 സെപ്‌റ്റംബര്‍ രണ്ടിന് കോടതി വായിച്ചിരുന്നു. എന്നാല്‍ ആരോഗ്യ കാരണങ്ങളാല്‍ കോടതിയില്‍ എത്താതിരുന്നതിനാല്‍ ഇ.പി ജയരാജനെതിരായ കുറ്റപത്രം വായിക്കുന്നത് മാറ്റിവയ്‌ക്കുകയായിരുന്നു. സംഭവം നടന്ന ദിവസം എംഎല്‍എമാര്‍ തങ്ങളെയും അതിക്രമിച്ചിരുന്നുവെന്നായിരുന്നു ഹര്‍ജിക്കാര്‍ ഉയര്‍ത്തിയ വാദം. നിയമസഭയില്‍ കയ്യാങ്കളി നടന്ന ദിവസം തന്നെ പൊലീസില്‍ പരാതിപ്പെട്ടെന്നും നടപടിയുണ്ടായില്ലെന്നും ഇവര്‍ പരാതിയിലും വ്യക്തമാക്കിയിരുന്നു.
കേസിന്‍റെ നാള്‍വഴികള്‍: കേസില്‍ തുടരന്വേഷണം വേണമെന്ന ഇ.എസ് ബിജിമോളുടെയും ഗീതഗോപിയുടെയും ഹര്‍ജി നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ മുമ്പ് അറിയിച്ചിരുന്നു. തുടരന്വേഷണത്തെ എതിര്‍ത്തുകൊണ്ടുളള കോണ്‍ഗ്രസ് നേതാവിന്‍റെ വാദത്തെ എതിര്‍ത്താണ് സര്‍ക്കാര്‍ കോടതിയില്‍ ഈ നിലപാട് വ്യക്തമാക്കിയത്. മുമ്പ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒരു ബിജെപി നേതാവും കേസില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് വന്നിരുന്നെങ്കിലും കോടതി ഇത് അനുവദിച്ചിരുന്നില്ല. എന്നാല്‍ തങ്ങള്‍ കക്ഷി ചേരാന്‍ വന്നതോടെ കേസിന്‍റെ വിചാരണ അനന്തമായി നീട്ടി കൊണ്ടുപോകാനുളള ഇടതുപക്ഷത്തിന്‍റെ തന്ത്രമാണ് പാളിയതെന്ന് കോണ്‍ഗ്രസ് അഭിഭാഷകന്‍ എം.ജെ ദീപക് കോടതിയില്‍ അറിയിക്കുകയും ചെയ്‌തിരുന്നു.