തിരുവനന്തപുരം : നിയമസഭ കയ്യാങ്കളി കേസിന്‍റെ തുടരന്വേഷണത്തില്‍ കണ്ടെത്തിയ രേഖകള്‍ പ്രതികള്‍ക്ക് നല്‍കാനാകില്ലെന്ന് സിജെഎം കോടതി. തുടരന്വേഷണ രേഖകള്‍ പ്രതികള്‍ക്ക് കൈമാറരുതെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തെ തുടര്‍ന്നാണ് നടപടി. അന്വേഷണത്തില്‍ കണ്ടെത്തിയ പുതിയ തെളിവുകളും സാക്ഷികളും സംബന്ധിച്ചുള്ള പട്ടികയില്‍ കൃത്യതയില്ലായ്‌മ ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഇക്കാര്യം ഉന്നയിച്ചത്.
കേസില്‍ കണ്ടെത്തിയ വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം അംഗീകരിച്ച കോടതി ഇതിനായി മൂന്നാഴ്‌ച സമയം അനുവദിച്ചു. കയ്യാങ്കളി കേസിന്‍റെ തുടരന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘം 11 സാക്ഷികളെയും 4 രേഖകളും പുതുതായി ഉള്‍പ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ കണ്ടെത്തിയ പുതിയ തെളിവുകള്‍ വിചാരണയ്ക്ക് മുന്നോടിയായി പ്രതിഭാഗത്തിന് നല്‍കാന്‍ കോടതി നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.
ഇത് അനുസരിച്ചാണ് അന്വേഷണ സംഘം ഇന്ന് (ഡിസംബര്‍ 1) കോടതിയില്‍ രേഖകള്‍ സമര്‍പ്പിച്ചത്. ഈ രേഖകള്‍ പരിശോധിച്ച പ്രോസിക്യൂഷന്‍ ഇവ അവ്യക്തമാണെന്ന് കോടതിയെ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് വ്യക്തമായ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിക്കുകയും അവ്യക്തമായ റിപ്പോര്‍ട്ട് മടക്കാനും നിര്‍ദ്ദേശം നല്‍കിയത്.
ഇന്ന് (ഡിസംബര്‍ 1) സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സാക്ഷികളുടെ ക്രമം ശരിയായ രീതിയിലല്ലെന്നും അത് അവരുടെ വിശ്വസനീയതയുടെ അടിസ്ഥാനത്തിലല്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇത് കേസ് പരിഗണിക്കുന്ന തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചാണ് സമയം നീട്ടി നല്‍കിയത്. ഇതോടെ നിയമസഭ കയ്യാങ്കളി കേസിന്‍റെ വിചാരണ നീളുമെന്ന് ഉറപ്പായി.
ഡിസംബര്‍ 22ന് കേസ് വീണ്ടും പരിഗണിക്കും. കേസില്‍ കുറ്റാരോപിതരായ മന്ത്രി വി.ശിവന്‍കുട്ടി, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ എംഎല്‍എ, മുന്‍ എംഎല്‍എമാരായ കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ സദാശിവന്‍ എന്നീ ആറുപേരും ഇന്ന് കോടതിയില്‍ ഹാജരായില്ല. 2019ല്‍ പരിഗണിച്ചുതുടങ്ങിയ കേസില്‍ 4 വര്‍ഷമായിട്ടും വിചാരണ ആരംഭിച്ചിട്ടില്ല. 2015 മാര്‍ച്ച് 13ന് അന്നത്തെ ധനമന്ത്രി കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്‌ടം വരുത്തിയെന്നാണ് പൊലീസ് കേസ്.