തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ നിര്‍ണായക നീക്കങ്ങളാരംഭിച്ച് കോണ്‍ഗ്രസ്. സീറ്റ് നിര്‍ണയം, സ്ഥാനാര്‍ഥി പട്ടിക തുടങ്ങിയ സങ്കീര്‍ണമായ കാര്യങ്ങളില്‍ കോണ്‍ഗ്രസിനുള്ളിൽ ഇന്ന് ചര്‍ച്ചകള്‍ക്ക് തുടക്കമാകും. കേരളത്തിലെ തെരഞ്ഞെടുപ്പ് ഏകോപനത്തിനായി എ.ഐ.സി.സി ചുമതലപ്പെടുത്തിയ സമിതി ഇന്ന് കേരളത്തിലെത്തും. മുതിര്‍ന്ന നേതാവ് അശോക് ഗെലോട്ടിന്‍റെ നേതൃത്വത്തിലുള്ള സമിതിയാണ് ഇന്ന് കേരളത്തിലെത്തുന്നത്. ഈ സമിതിയുടെ മേല്‍നോട്ടത്തിലാകും നിര്‍ണായകമായ എല്ലാ തെരഞ്ഞെടുപ്പ് തീരുമാനങ്ങളും കോണ്‍ഗ്രസിലുണ്ടാകുക.
ഘടകക്ഷികളുമായും മുതിര്‍ന്ന നേതാക്കളുമായി സമിതി ചര്‍ച്ച നടത്തും. നാളെ കോണ്‍ഗ്രസിന്‍റെ എംപിമാരേയും എംഎല്‍എമാരേയും സമിതി കാണുന്നുണ്ട്. ഹൈക്കമാന്‍റ് നിയമിച്ച ഉമ്മന്‍ചാണ്ടി അധ്യക്ഷനായ പത്തംഗ തെരഞ്ഞെടുപ്പ് മേല്‍നോട്ടസമിതിയുടെ ആദ്യയോഗവും നാളെ നടക്കുന്നുണ്ട്. ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ കെപിസിസി ഭാരവാഹി യോഗം വിളിക്കാനും കോണ്‍ഗ്രസില്‍ തീരുമാനമായിട്ടുണ്ട്.