തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ നേതാക്കൻമാർ സംസ്ഥാനത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ പൊതുവേദികളിലും വാർത്താ സമ്മേളനങ്ങളിലും സജീവമാണ്. നേതാക്കൻമാരുടെ വാവിട്ട വാക്ക് കേരളത്തില്‍ തെരഞ്ഞെടുപ്പിന്‍റെ ജയപരാജയങ്ങളെ തീരുമാനിക്കാറുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുകാരന്‍റെ മകൻ എന്ന് വിശേഷിപ്പിച്ച് നടത്തിയ പരാമർശം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിക്കഴിഞ്ഞു. കോൺഗ്രസ് നേതാവും എംഎല്‍എയുമായ ഷാനിമോൾ ഉസ്‌മാൻ ഈ പരാമർശത്തില്‍ പ്രതിഷേധം പരസ്യമാക്കിയതോടെ കോൺഗ്രസും ഇക്കാര്യത്തില്‍ പ്രതിരോധത്തിലായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, താരിഖ് അൻവർ എന്നിവർ കൂടി വിമർശിച്ചതോടെ സുധാകരൻ ശരിക്കും പ്രതിരോധത്തിലായി.
ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ വാർത്താ സമ്മേളനത്തില്‍ പറഞ്ഞത് സുധാകരന് ബോധക്കുറവുണ്ടെന്നും പ്രസ്താവന അത്യന്തം ഹീനമാണെന്നുമാണ്. സുധാകരന്‍റെ പരാമർശത്തെ കോൺഗ്രസിന്‍റെ സംഘപരിവാർ മനസിന്‍റെ തെളിവാണെന്നാണ് ഡിവൈഎഫ്ഐ പ്രതികരിച്ചത്. അതോടൊപ്പം കഴിഞ്ഞ ദിവസങ്ങളില്‍ യുഡിഎഫ് ഉയർത്തിക്കൊണ്ടുവന്ന ശബരിമല സ്ത്രീ പ്രവേശനത്തിലെ നിയമനിർമാണത്തില്‍ സിപിഎം ഒടുവില്‍ അഭിപ്രായ പ്രകടനം നടത്തി. ശബരിമല വിഷയത്തില്‍ യുഡിഎഫ് നിലപാട് ജനങ്ങളെ കബളിപ്പിക്കലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ നിയമനിർമാണം സാധ്യമല്ലെന്നും എ വിജയരാഘവൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചർച്ചകൾ സംബന്ധിച്ച ചോദ്യത്തിന് സിപിഐയില്‍ ചർച്ചകൾ തുടങ്ങിയിട്ടില്ലെന്നും എൻസിപി ഇടതുമുന്നണി വിടുമെന്നത് മാധ്യമസൃഷ്ടിയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്ന് നിലപാട് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വരെ യുഡിഎഫിന് ഒപ്പമാണെന്നും യുഡിഎഫിലേക്ക് മടങ്ങുകയാണെന്നും പറഞ്ഞിരുന്ന പൂഞ്ഞാർ എംഎല്‍എ പിസി ജോർജ് കളംമാറ്റി ചവിട്ടിയതാണ് ഇന്നത്തെ ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇത്തവണ ഒറ്റയ്ക്ക് മത്സരിക്കുമെന്നും എല്‍ഡിഎഫിന് തുടർഭരണം ലഭിക്കുമെന്നുമാണ് പിസി ജോർജിന്‍റെ ഏറ്റവും ഒടുവിലത്തെ നിലപാട്. അതിനിടെ കേരളത്തിലെ സഭാതർക്കത്തില്‍ പാർത്രിയർക്കീസ് വിഭാഗം നടത്തുന്ന സത്യഗ്രഹത്തിന് പിസി ജോർജ് പിന്തുണ പ്രഖ്യാപിച്ചതിന് എതിരെ ഓർത്തഡോക്‌സ് സഭ രംഗത്ത് എത്തി. പിസി ജോർജ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നാണ് ഓർത്തഡോക്‌സ് സഭ ആരോപിക്കുന്നത്. ആറ് വർഷങ്ങൾക്ക് മുൻപ് രൂപീകൃതമായ ബിഡിജെഎസ് പിളർന്നതാണ് ഇന്നത്തെ മറ്റൊരു പ്രധാന രാഷ്ട്രീയ ചർച്ച. ബിഡിജെഎസ് വിട്ടവർ ബിജെഎസ് (ഭാരതീയ ജനസേന) എന്ന പാർട്ടി രൂപീകരിച്ചു. ബിജെപി നേതൃത്വം നല്‍കുന്ന എൻഡിഎയില്‍ തുടരാൻ താല്‍പര്യമില്ലെന്നും യുഡിഎഫിന് ഒപ്പം പ്രവർത്തിക്കുമെന്നും ബിജെഎസ് നേതാക്കൾ അറിയിച്ചു. ശബരിമല വിഷയത്തില്‍ ബിജെപി ഹൈന്ദവരെ കബളിപ്പിച്ചുവെന്നും യുഡിഎഫിന് ഒപ്പം പ്രവർത്തിക്കുമെന്നും പുതിയ പാർട്ടിയുടെ നേതാക്കൾ അറിയിച്ചു. എന്നാല്‍ ബിഡിജെഎസ് പിളർന്നിട്ടില്ലെന്നാണ് തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചത്.
കേരളത്തില്‍ അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെയെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഇന്ന് തൃശൂരില്‍ സംഘടനാ ഭാരവാഹികളുടെ യോഗത്തില്‍ സംബന്ധിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കുമെതിരെ രൂക്ഷമായ വിമർശനമാണ് ജെപി നദ്ദ ഇന്ന് നടത്തിയത്. മിഷൻ കേരള എന്ന പദ്ധതി വഴി കേരളത്തില്‍ അധികാരത്തിലെത്തുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങൾക്ക് രൂപം നല്‍കുന്നതിന്‍റെ ഭാഗമായി നദ്ദ കേരളത്തിലെ സമുദായ നേതാക്കളെയും കാണുന്നുണ്ട്. ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നിന്ന ശോഭ സുരേന്ദ്രൻ വീണ്ടും ബിജെപി വേദിയില്‍ എത്തിയതും ശ്രദ്ധേയമായി. ഇന്ന് തൃശൂരില്‍ ജെപി നദ്ദ പങ്കെടുത്ത പരിപാടിയിലെ ഏറ്റവും ശ്രദ്ധേയമായ മുഖങ്ങളിലൊന്ന് ശോഭ സുരേന്ദ്രനായിരുന്നു. അതോടൊപ്പം മുൻ ഡിജിപി ജേക്കബ് തോമസ് ഇന്ന് ബിജെപിയില്‍ ചേർന്നു. തൃശൂരില്‍ വെച്ച് ജെപി നദ്ദയില്‍ നിന്നാണ് ജേക്കബ് തോമസ് ബിജെപി അംഗത്വമെടുത്തത്.