തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം തുടങ്ങി. സി.പി.എം സംസ്ഥാന നേതൃത്വവുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നടത്തിയ ഉഭയ കക്ഷി ചര്‍ച്ചയുടെ തീരുമാനങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. കഴിഞ്ഞ തവണ മത്സരിച്ച 27 സീറ്റുകള്‍ വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടു പോകരുതെന്നാണ് സി.പി.ഐ നിലപാട്. എന്നാല്‍ ജോസ് കെ മാണി വിഭാഗം കൂടി എത്തിയ സാഹചര്യത്തില്‍ കഴിഞ്ഞ തവണ മത്സരിച്ച രണ്ട് സീറ്റുകള്‍ വിട്ട് കൊടുക്കണമെന്ന് സി.പി.എം നേതൃത്വം സി.പി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം യോഗം ചര്‍ച്ച ചെയ്യും.
കോട്ടയം ജില്ലയില്‍ സി.പി.ഐ വര്‍ഷങ്ങളായി മത്സരിച്ച് വരുന്ന കാഞ്ഞിരപ്പള്ളി സീറ്റ് ജോസ് പക്ഷത്തിന് വിട്ട് കൊടുക്കാന്‍ സി.പി.ഐ തയാറായേക്കും. പകരം വിജയസാദ്ധ്യതയുള്ള ഒരു സീറ്റ് ജില്ലയില്‍ പാര്‍ട്ടി ആവശ്യപ്പെടും. പാര്‍ട്ടി മത്സരിക്കുന്ന സീറ്റുകളിലേക്ക് അനുയോജ്യരായ മൂന്ന് പേരെ ഉള്‍പ്പെടുത്തിയുള്ള സ്ഥാനാര്‍ഥി പട്ടിക രണ്ട് ദിവസത്തിനുള്ളില്‍ കൈമാറാന്‍ ജില്ലാ കമ്മിറ്റികളോട് സംസ്ഥാന എക്‌സിക്യൂട്ടീവ് ആവശ്യപ്പെടും. മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന പൊതു മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും സ്ഥാനാര്‍ഥി നിര്‍ണയം. മുന്‍ തൃശൂര്‍ എം.പി സി.എന്‍ ജയദേവന്‍റെ അധ്യക്ഷതയിലാണ് യോഗം.