തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ സിസ തോമസിന്‍റെ ഹർജി അഡ്മിനിട്രേറ്റിവ് ട്രൈബ്യൂണൽ തള്ളി. സർക്കാർ അനുമതിയില്ലാതെ വൈസ് ചാൻസലർ സ്ഥാനം ഏറ്റെടുത്തതിനാൽ സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യം ട്രൈബ്യൂണൽ നിരാകരിച്ചു. സർക്കാരിന് തുടർ നടപടിയുമായി മുന്നോട്ടു പോകാം എന്നും നടപടി എടുക്കുന്നതിന് മുൻപായി സിസ തോമസിനെ കൂടി കേൾക്കണമെന്നുമാണ് ട്രെബ്യൂണലിന്‍റെ നിർദ്ദേശം.
സിസ തോമസിന്‍റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ട്രൈബ്യൂണലിന്‍റെ വിധി. ഹർജി തള്ളിയതിനാൽ സിസ തോമസിന്‍റെ റിട്ടയർമെന്‍റ് ആനുകൂല്യങ്ങളെ വരെ കാരണം കാണിക്കൽ നോട്ടീസ് വഴി ബാധിക്കാൻ സാധ്യതയുണ്ട്. സാങ്കേതിക വിദ്യാഭ്യാസ സീനിയർ ജോയിന്‍റ് ഡയറക്‌ടർ ആയിരിക്കെ സർക്കാർ അനുമതിയില്ലാതെ സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ സ്ഥാനം ഏറ്റെടുത്തതിന്‍റെ മേലാണ് സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
ഡോ. എം എസ് രാജശ്രീ സുപ്രീംകോടതി ഉത്തരവ് പ്രകാരം പുറത്തായപ്പോൾ ഗവർണറുടെ നിർദ്ദേശ പ്രകാരം താത്‌കാലിക വൈസ് ചാൻസലർ സ്ഥാനം ഏറ്റെടുത്ത ആളാണ് സിസ തോമസ്. ഇത് സർവീസ് ചട്ടത്തിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ചുമതലയേറ്റതിന് ശേഷം സിസ തോമസും യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റും തമ്മിൽ തർക്കം രൂക്ഷമായിരുന്നു.
വിസിയെ നിയന്ത്രിക്കാൻ ഉപസമിതിയെ വരെ സിൻഡിക്കേറ്റ് നിയമിച്ചിരുന്നു. എന്നാൽ, സിസ തോമസിന്‍റെ റിപ്പോർട്ടിനെ തുടർന്ന് ഗവർണർ ഈ നീക്കം മരവിപ്പിക്കുകയും പിന്നീട് സിൻഡിക്കേറ്റ് അംഗങ്ങളുടെ ഹർജി പ്രകാരം ഹൈക്കോടതി ഗവർണറുടെ തീരുമാനം റദ്ദാക്കുകയും ചെയ്‌തിരുന്നു. ഈ തിരിച്ചടിക്ക് പിന്നാലെയാണ് ട്രൈബ്യൂണലും സിസ തോമസിന് എതിരായി വിധി പറയുന്നത്.
ഇതിനിടെ സാങ്കേതിക വിദ്യാഭ്യാസ സീനിയർ ഡയറക്‌ടർ സ്ഥാനത്ത് നിന്നും സിസ തോമസിനെ സർക്കാർ നീക്കം ചെയ്‌തിരുന്നു. പകരം ഡോ. എം എസ് രാജശ്രീയെയും നിയമിച്ചു. പകരം നിയമിക്കുമ്പോൾ തിരുവനന്തപുരം ജില്ലയിൽ തന്നെ നിയമിക്കണമെന്ന് ഇത് സംബന്ധിച്ച് ട്രൈബ്യൂണൽ സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.
സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസിനെതിരെ സിസ തോമസ് നൽകിയ ഹർജിയിൽ ഒരാഴ്‌ചക്കകം മറുപടി നൽകണമെന്ന് മാർച്ച് 16ന് ട്രൈബ്യൂണൽ നിർദ്ദേശിച്ചിരുന്നു. തുടർന്ന് ഇന്ന് വീണ്ടും കേസ് പരിഗണിച്ചപ്പോഴാണ് സിസ തോമസിന്‍റെ ഹർജി തള്ളിയത്. നിലവിൽ ഗവ. എൻജിനീയറിങ് കോളജ് ബാർട്ടൻ ഹില്ലിലെ പ്രിൻസിപ്പാളാണ് സിസ തോമസ്.
സർക്കാർ നിർദേശങ്ങൾ പരിഗണിക്കുന്നില്ലെന്ന വിമർശനം: സർക്കാരിന്‍റെ നീരസം വകവയ്‌ക്കാതെയായിരുന്നു സിസ തോമസ് വൈസ് ചാൻസലർ ചുമതല ഏറ്റെടുത്തത്. സർക്കാർ നിർദേശങ്ങൾ പരിഗണിക്കുന്നില്ല എന്നുള്ള വിമർശനങ്ങളും സിസ തോമസിനെതിരെ ഉയർന്നിരുന്നു. സിസയുടെ നിയമനത്തെ ചൊല്ലി സർക്കാരും ഗവർണറും തമ്മിലുള്ള പോര് രൂക്ഷമായി തുടരുകയായിരുന്നു. ഇതിനിടെയാണ് കാരണം കാണിക്കൽ നോട്ടീസ് സർക്കാർ നൽകിയത്.