തിരുവനന്തപുരം: കോർപ്പറേഷൻ സ്പോർട്‌സ് ടീം രൂപീകരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ്റെ ഫേസ് ബുക്ക് പോസ്റ്റ് വിവാദമായതിനു പിന്നാലെ വിശദീകരണം. നഗരസഭ രൂപീകരിക്കുന്ന സ്പോർട്‌സ് സംഘത്തിൽ പട്ടികജാതി-വർഗ്ഗക്കാർക്ക് പ്രത്യേക ടീം ഉണ്ടാക്കുമെന്ന തരത്തിൽ ഞായറാഴ്‌ച പോസ്റ്റ് ചെയ്‌ത കുറിപ്പാണ് വിവാദമായത്. പോസ്റ്റിന് പിന്നാലെ രാഷ്ട്രീയ, കായിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ വിമർശനവുമായെത്തിയതോടെ വിശദീകരണവുമായി മേയർ ഇന്നലെ വീണ്ടും പോസ്റ്റിട്ടു.
സദുദ്ദേശപരമായി നഗരസഭ എടുത്ത തീരുമാനത്തെ തെറ്റിദ്ധാരണ ജനകമായി വ്യാഖ്യാനിച്ചുവെന്നാണ് വിശദീകരണം. ഔദ്യോഗികമായി ഒരു ടീം മാത്രമേ ഉണ്ടാകൂ എന്ന് മേയർ പറഞ്ഞു. ജനറൽ വിഭാഗത്തിനുള്ള ഫണ്ട് ഉപയോഗിച്ച് ആരെ വേണമെങ്കിലും പരിശീലിപ്പിക്കാം. അതേസമയം പട്ടികജാതി പട്ടികവർഗ്ഗ ഫണ്ട് ആ വിഭാഗക്കാരെ മാത്രം തെരഞ്ഞെടുത്തു പരിശീലിപ്പിക്കാനാണ്. അതിനാൽ ടീം തെരഞ്ഞെടുക്കുമ്പോഴും പരിശീലിപ്പിക്കുമ്പോഴും ഇത് വേണ്ടി വരും. പ്രത്യേക ടീം എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും മേയർ പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
വിവാദ പോസ്റ്റ്: "നഗരത്തിലെ കായികതാരങ്ങളുടെയും കായിക പ്രേമികളുടെയും ചിരകാല അഭിലാഷം യാഥാർത്ഥ്യമാവുകയാണ്. ഫുട്ബോൾ, ഹാൻഡ് ബോൾ, വോളിബോൾ, ബാസ്ക്കറ്റ്ബോൾ, അത്‌ലറ്റിക്സ് എന്നീ ഇനങ്ങളിൽ നഗരസഭ ഔദ്യോഗിക ടീം ഉണ്ടാക്കും. 25 കുട്ടികളാണ് ഓരോ ടീമിലും ഉണ്ടാകുക. ജനറൽ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും എസ് സി എസ് ടി വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമും ആണ് ഉണ്ടാകുക. ഇവർക്ക് ആവശ്യമായ പരിശീലനം നഗരസഭ നൽകും."
ഈ പോസ്റ്റിന് പിന്നാലെ, സംവരണാടിസ്ഥാനത്തിൽ കായിക ടീം ഉണ്ടാക്കുന്നത് അനാവശ്യമായ വേർതിരിവുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി വ്യാപക പ്രതിഷേധം ഉയർന്നു. ഇതോടെയാണ് രണ്ടാമത്തെ ഫേസ്ബുക്ക് പോസ്റ്റിൽ മേയർ കാര്യങ്ങൾ വിശദീകരിച്ചത്.
"ഓരോ കായിക ഇനത്തിലും ജനറൽ ഫണ്ടും എസ് സി ഫണ്ടും ഉപയോഗിച്ച് ഇരു വിഭാഗങ്ങളിൽ നിന്നും 25 ആൺകുട്ടികളെയും പെൺകുട്ടികളെയും വീതം തെരഞ്ഞെടുക്കും. മുഴുവൻ കുട്ടികൾക്കും ഒരുമിച്ച് പരിശീലനം നൽകി ഓരോ ഇനത്തിലും നഗരസഭയുടെ ഒരു ടീം രൂപീകരിക്കുകയാണ് ചെയ്യുക- മേയർ വിശദീകരിച്ചു.