തിരുവനന്തപുരം: ജില്ലയിൽ 775 പേരെ കൊവിഡ് 19 നിരീക്ഷണത്തിൻ നിന്ന് ഒഴിവാക്കി. രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ 28 ദിവസത്തെ കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് ഇവരെ ഒഴിവാക്കിയത്. അതേ സമയം, പുതിയ 73 പേരെ കൂടി നിരീക്ഷണത്തിലാക്കി. നിലവിൽ 4677 പേരാണ് ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗ ലക്ഷണങ്ങളുമായി 27 പേരെ പ്രവേശിപ്പിച്ചു. 11 പേരെ ഡിസ്ചാർജ് ചെയ്തു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ 62 പേരും ജനറൽ ആശുപത്രിയിൽ 7 പേരും പേരൂർക്കട മാതൃകാ ആശുപത്രിയിൽ 2 പേരും നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ 4 പേരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ 5 പേരും എസ്.എ.റ്റി ആശുപത്രിയിൽ 6 പേരും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ഒരാളും ചേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ 7 പേരും വിവിധ സ്വകാര്യ ആശുപത്രികളിൽ 20 പേരും ഉൾപ്പെടെ 114 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
ജില്ലയിൽ 5 പേരാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് ചികിത്സയിലുള്ളത്. ഇന്നലെ പോസിറ്റീവായ വ്യക്തി ഉൾപ്പെടെ മൂന്ന് പേർ മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ട് കുട്ടികൾ എസ് എ റ്റി ആശുപത്രിയിലുമാണ് ചികിത്സയിൽ തുടരുന്നത്. ഇന്ന് 88 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇതുൾപ്പെടെ ഇനി 143 പരിശോധനാ ഫലം ലഭിക്കാനുണ്ട്. സാമൂഹിക വ്യാപനം സംശയിച്ചാൽ പോത്തൻകോട് നിന്ന് അയച്ച സാമ്പിളുകൾ പോസിറ്റീവ് ആയതോടെ ഇവിടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അയവു വരുത്തി. സാമൂഹ്യ വ്യാപനം സംശയിച്ചിരുന്ന പോത്തൻകോട്ടെ ഫലങ്ങൾ നെഗറ്റീവാകുന്നത് ജില്ലാ ഭരണകൂടത്തിനും ആശ്വാസം നൽകുന്നതാണ്.