ന്യൂഡല്‍ഹി: സർവകലാശാലകളിലെ സർക്കാർ നിയമനങ്ങള്‍ക്കെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിലെ സർവകലാശാലകളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ശക്തം. ഉന്നത പദവികളിലെല്ലാം സര്‍ക്കാര്‍ ഇഷ്‌ടക്കാരെ നിയമിക്കുകയാണെന്നും ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസം വളരെ മികച്ചത്. എന്നാൽ ഉന്നത വിദ്യാഭ്യാസത്തിന് കേരളം വിടേണ്ടി വരുന്നു. വി.സി നിയമനങ്ങളിൽ തന്‍റെ കൈ കെട്ടിയിടാനാണ് ശ്രമം. ചാൻസലർ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണം. സർക്കാർ ഓർഡിനനസ് കൊണ്ട് വരട്ടെ ഒപ്പിടാൻ തയ്യാറാണ്. താൻ ആണെങ്കിൽ ഇത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയ്‌ക്ക് അയച്ച കത്തില്‍ രൂക്ഷ വിമര്‍ശനം
ചാൻസലർ പദവി ഒഴിയാൻ തയാറാണെന്ന് അറിയിച്ച് ഗവർണർ സർക്കാരിന് വെള്ളിയാഴ്ച കത്ത് നൽകിയതാണ് വിവാദത്തിന് തിരികൊളുത്തിയത്. രൂക്ഷമായ വിമർശനമാണ് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ഗവർണർ ഉന്നയിച്ചത്. കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനം അടക്കം വിവിധ കാര്യങ്ങളിലെ അതൃപ്‌തിയാണ് ഗവർണർ അറിയിച്ചത്.
കാലടി സംസ്‌കൃത സർവകലാശാല വി.സി നിയമനത്തിന് സെർച്ച് കമ്മിറ്റി പേരുകൾ നൽകാത്തതും പ്രതിഷേധത്തിന് കാരണമായി. പട്ടിക നൽകാത്തതിനാൽ സെർച്ച് കമ്മിറ്റി തന്നെ ഇല്ലാതായി. ഇതിന് തൊട്ടുപിന്നാലെ സർക്കാർ വി.സി സ്ഥാനത്തേക്ക് ഒറ്റപ്പേര് നൽകി. ഇതിൽ ഗവർണർ കടുത്ത അതൃപ്‌തി അറിയിച്ചിരുന്നു.
കണ്ണൂർ വി.സി നിയമനത്തിനായി ആസൂത്രണ ബോർഡ് ഉപാധ്യക്ഷന്‍റെ നേതൃത്വത്തിൽ മൂന്നംഗ സെർച്ച് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. നിയമനത്തിനുള്ള അപേക്ഷ പരിഗണിക്കുന്നതിനിടെ ആ കമ്മിറ്റി തന്നെ റദ്ദാക്കി വി.സിക്ക് പുനർനിയമനം നൽകി. ഇതിലെല്ലാമാണ് ഗവര്‍ണറുടെ പ്രതിഷേധം.
ALSO READ: Coonoor Helicopter Crash: പ്രിയ സൈനികന് വിട നല്‍കാനൊരുങ്ങി തൃശൂർ; സംസ്‌കാരം വൈകിട്ട്