തിരുവനന്തപുരം: നഗരസഭയിലെ താത്കാലിക തസ്‌തികകളിലേക്കുള്ള നിയമനങ്ങള്‍ എംപ്ലോയിമെന്‍റ് എക്‌സ്‌ചേഞ്ച് വഴി നടത്തും. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് ഈ തീരുമാനമാനം. താത്കാലിക നിയമനങ്ങള്‍ക്ക് സിപിഎം കേന്ദ്രങ്ങള്‍ കത്ത് നൽകിയത് വിവാദമായതിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
സിവില്‍ എഞ്ചിനിയര്‍, ആര്‍ക്കിടെക്‌ട്, പേഴ്‌സണല്‍ മാനേജ്‌മെന്‍റ് വിദഗ്‌ധന്‍, എണ്‍വയോണ്‍മെന്‍റ് എഞ്ചിനിയര്‍, സാനിട്ടറി എഞ്ചിനിയര്‍, പബ്ലിക്ക് ഹെല്‍ത്ത് എക്‌സ്‌പേര്‍ട്ട്, അക്കൗണ്ടന്‍റ്, ഡാറ്റാ അനലിസ്റ്റ്, പബ്ലിക്ക് ഹെല്‍ത്ത് എക്‌സ്‌പേര്‍ട്ട്, പബ്ലിക് റിലേഷന്‍സ് ഓഫിസര്‍, ഡോക്യുമെന്‍റേഷന്‍ എക്‌സ്‌പേര്‍ട്ട്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫിസ് അസിസ്റ്റന്‍റ് എന്നീ തസ്‌തികകളില്‍ നിലവിലുള്ള ഒഴിവുകള്‍ എംപ്ലോയിമെന്‍റ് എക്‌സ്‌ചേഞ്ച് വഴി നികത്തും.
കൂടാതെ, നിലവില്‍ താത്കാലിക വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 29 പേരുടെ സേവന കാലാവധിയും ആറുമാസത്തേക്ക് കൂടി നീട്ടും. നഗരസഭയില്‍ നിന്നും വ്യാവസായിക ലൈസന്‍സ് ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നേടാനായി ഹരിത കര്‍മ സേനയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനും കൗണ്‍സിലില്‍ തീരുമാനമായി.
ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍: മാലിന്യ ശേഖരണ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫീസിന്‍റെ 100 ശതമാനവും ഉപഭോക്താക്കളില്‍ നിന്നും ഈടാക്കാന്‍ ജനുവരിയില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് കൗണ്‍സിലിന്‍റെ അജണ്ടയില്‍ ഇത് പാസ്സാക്കി. 2022-23 കാലയളവിലെ ട്രേഡ് ലൈസന്‍സുകള്‍ക്ക് അപേക്ഷിക്കാനോ നിലവിലുള്ളത് പുതുക്കാനോ ഉള്ള അപേക്ഷയോടൊപ്പം ഹരിത കര്‍മ്മ സേനയുടെ രസീത് നിര്‍ബന്ധമാക്കുകയായിരുന്നു. ഇതോടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള റസിഡന്‍റ് സര്‍ട്ടിഫിക്കറ്റ്, ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കും ഇത് നിര്‍ബന്ധമാകും.
ഉപഭോക്തൃ ഫീസ് അടയ്ക്കുന്നത് 54% പേർ: 98 വാര്‍ഡുകളില്‍ ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. നിലവില്‍ നഗരസഭ പരിധിയിലെ 54 ശതമാനം പേര്‍ മാത്രമാണ് ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപഭോക്തൃ ഫീസ് അടയ്ക്കുന്നത്. ബാക്കിയുള്ളവര്‍ ഉണങ്ങിയ മാലിന്യങ്ങളുടെ സംസ്‌കരണത്തിന് മറ്റ് മാര്‍ഗ്ഗങ്ങളുണ്ടെന്നാണ് അറിയിച്ചിട്ടുള്ളത്. ഹരിത കര്‍മ സേനയുടെ സേവനങ്ങള്‍ക്ക് പുറത്തുള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ വ്യക്തമാക്കാനായി ഇവര്‍ക്ക് നഗരസഭ നോട്ടിസ് നൽകിയിട്ടുണ്ട്. 1.54 ലക്ഷം വീടുകളിലാണ് ഹരിത കര്‍മ സേന നേരിട്ട് ഇതിനായി സന്ദര്‍ശനം നടത്തിയത്. എന്നാല്‍ 84,515 വീടുകള്‍ മാത്രമാണ് ഉപഭോക്തൃ ഫീസ് അടച്ചിട്ടുള്ളത്.
ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി ബിജുവിനെ തിരിച്ചെടുക്കാൻ തീരുമാനം: ഡെപ്യൂട്ടി മേയര്‍ പി കെ രാജുവിനോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് കഴിഞ്ഞ കൗണ്‍സിലില്‍ സസ്‌പെന്‍ഷനിലായ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി ബിജുവിനെ തിരിച്ചെടുക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇത് കൗണ്‍സിലില്‍ വലിയ കോലാഹലങ്ങള്‍ക്ക് വഴിയായി. ബിജുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിലൂടെ ഭരണപക്ഷ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അസന്മാര്‍ഗ്ഗിക ബന്ധമാണ് പുറത്ത് വരുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കൗണ്‍സിലില്‍ ആരോപിച്ചു.