തിരുവനന്തപുരം: സംസ്ഥാനത്തെ എയ്‌ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി ഒഴിവുകളിൽ ഓഗസ്റ്റ് 15നകം ഉദ്യോഗാർഥികളെ നിയമിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. ആര്‍ഡിഡി, എഡി വിദ്യാഭ്യാസ ഓഫിസർ എന്നിവർ ചട്ടപ്രകാരം പരിശോധിച്ച് ജൂലൈ 15ന് മുമ്പ് തന്നെ നിയമനാംഗീകാരം നൽകണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ ഉത്തരവിട്ടു. എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചില്‍ നിന്നും ലഭിക്കുന്ന പട്ടിക അനുസരിച്ച് നിയമനം നടപ്പില്ലാക്കണമെന്നും മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാന പ്രകാരമാണ് നടപടി. നിയമനം നല്‍കിയതിന് പിന്നാലെ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറോട് വിവരം അറിയിക്കണം. മാത്രമല്ല അനുവദിക്കപ്പെട്ട സമയത്തിനുള്ളിൽ തീർപ്പാകാതെ കിടക്കുന്ന നിയമനങ്ങളെ സംബന്ധിച്ചുള്ള പൂര്‍ണ വിവരം അതാത് സമയങ്ങളിൽ തന്നെ പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
ജൂണ്‍ 25നുള്ളില്‍ ഭിന്നശേഷി സംവരണ ഒഴിവിന്‍റെ റോസ്റ്റർ തയ്യാറാക്കി നൽകണമെന്നും 30നുള്ളില്‍ ഒഴിവുകളിലേക്ക് ഭിന്നശേഷി വിഭാഗത്തെ ലഭിക്കുന്നതിനായി എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിലേക്ക് അപേക്ഷ സമര്‍പ്പിക്കണമെന്നും ഉത്തരവിലുണ്ട്. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ ഉദ്യോഗാർഥികൾക്കായി അപേക്ഷ നൽകുമ്പോൾ 2017 ന് ശേഷമുള്ള 4 ശതമാനം സംവരണ ഒഴിവിലേക്കാണോ അതോ 1996-2017 കാലത്തെ 3 ശതമാനം സംവരണ ഒഴിവിലേക്കാണോ എന്ന് വ്യക്തമാക്കണം.
ഉദ്യോഗർഥികളെ ആവശ്യപ്പെടുമ്പോൾ കാഴ്‌ച പരിമിതര്‍, കേള്‍വി പരിമിതര്‍, സെറിബ്രൽ പാള്‍സി എന്നിങ്ങനെ മുൻഗണനാക്രമം പാലിക്കണം. സ്‌കൂൾ മാനേജർമാരുടെ അപേക്ഷ ലഭിച്ചാൽ ജൂലൈ 20നുള്ളില്‍ ഭിന്നശേഷി വിഭാഗക്കാരുടെ നിയമാനുസൃത ലിസ്റ്റ് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ നിന്നും ബന്ധപ്പെട്ട മാനേജർമാർക്ക് കൈമാറണം. ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ഇന്‍റര്‍വ്യൂ സമയത്ത് ഹാജരാക്കേണ്ട JOB ORIENTED PHYSICAL AND FUNCTIONAL CERTIFICATE സാമൂഹ്യനീതി വകുപ്പ് നിർദേശിക്കുന്ന മെഡിക്കൽ അതോറിറ്റിയിൽ നിന്നുമാണ് വാങ്ങിക്കേണ്ടത്.
സ്‌കൂൾ മാനേജർമാർ റോസ്റ്റർ തയ്യാറാക്കി സമർപ്പിക്കുകയും അത് വിദ്യാഭ്യാസ ഓഫിസർമാർ അംഗീകരിച്ച് നൽകുകയും ചെയ്യുന്നത് വരെ ഇന്‍റർ മാനേജ്മെന്‍റ് ട്രാൻസ്‌ഫർ അനുവദിക്കില്ല. സർക്കാർ നിർദേശങ്ങൾ പാലിക്കുന്ന എയ്‌ഡഡ് സ്‌കൂളിലെ നിയമനങ്ങൾ ചട്ട പ്രകാരം പരിശോധിച്ച് തീർപ്പാക്കേണ്ടതാണെന്നും അല്ലാത്തപക്ഷം ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫിസർക്കെതിരെ കർശന അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്‌റുടെ ഉത്തരവിൽ പറയുന്നു.
എയ്‌ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇക്കഴിഞ്ഞ 8നാണ് തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ എയ്‌ഡഡ് സ്‌കൂൾ മാനേജ്മെന്‍റുകളുടെ യോഗം ചേര്‍ന്നത്. വിഷയങ്ങൾ പരിശോധിക്കാൻ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയെയും പൊതുവിദ്യാഭ്യാസ ഡയറക്‌ടറെയും മന്ത്രി ചുമതലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭിന്നശേഷി സംവരണം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ ഉത്തരവിറക്കിയത്.