തിരുവനന്തപുരം : കെഎസ്‌ആർടിസിയുടെ തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ ഫണ്ട് തിരിമറിയിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന ജീവനക്കാർക്ക് ഡിപ്പോയിൽ തുടരാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. പണം കാണാതായ സംഭവത്തിൽ വിശദമായ പരിശോധന നടത്തും.
ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണം. കൃത്രിമം കാണിക്കുന്ന ജീവനക്കാർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും. ഏതെങ്കിലും ഡിപ്പോയിൽ സമാന സംഭവം ഉണ്ടായാൽ പിടിക്കപ്പെടും എന്നതിന് ഉദാഹരണമാണ് നിലവിലെ നടപടി.
പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെന്ന് വ്യക്തമായതിന്‍റെ അടിസ്ഥാനത്തിലാണ് അഞ്ച് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌തത്. സൂപ്രണ്ട് കെ സുരേഷ് കുമാര്‍, ടിക്കറ്റ് ആന്‍ഡ് ക്യാഷ് വിഭാഗത്തിലെ ജീവനക്കാരായ ടിടി സുരേഷ് കുമാര്‍, ജോസ് സൈമണ്‍, കെ അനില്‍കുമാര്‍, ജി ഉദയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
വാഹനങ്ങളിലെ നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പിഴ ഒടുക്കാതെ പിന്നെയും വാഹനം ഓടിക്കുന്നവർക്കെതിരെയും കർശന നടപടി ഉണ്ടാകും. പിഴ ഒടുക്കി എല്ലാവർക്കും രക്ഷപ്പെടാനാകില്ല. പിഴ ഒടുക്കാതെ വീണ്ടും കേസിൽ പെടുന്നവരുടെ കാര്യത്തിൽ ചർച്ച നടക്കുന്നുണ്ട്. ഇത്തരക്കാർക്കെതിരെ കൂടുതൽ നടപടി ഉണ്ടാകും.
കെഎസ്ആർടിസി ബസുകളിൽ പരസ്യം വിലക്കിയ ഹൈക്കോടതി ഉത്തരവിനെയും മന്ത്രി വിമർശിച്ചു. നിലവിലുള്ള ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് പരസ്യം പതിക്കുന്നത്. നിലവിലുള്ള ചട്ടത്തെ കുറിച്ച് ഹൈക്കോടതിയെ ധരിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.