പ്രേക്ഷകര്‍ പലപ്പോഴും കേട്ടിട്ടുള്ള ഒന്നാണ് സിനിമ സെന്‍സറിങ് എന്നത്. എന്നാല്‍ എന്താണ് സെന്‍സറിങ്, എന്തിന്‍റെ അടിസ്ഥാനത്തിലാണ് ഒരു സിനിമയ്‌ക്ക് പ്രദര്‍ശനാനുമതിക്കുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്നൊക്കെ ചിന്തിച്ചിട്ടുണ്ടോ. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് പിന്നിലുള്ള ചില കാര്യങ്ങള്‍ റീജിനൽ സിബിഎഫ്‌സി ഓഫീസർ നദീം തുഫൈയില്‍ ഇടിവി ഭാരതിനോട് വിശദീകരിക്കുകയാണ്.
1951ലാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെൻസറിങ് എന്ന പ്രസ്ഥാനം ഇന്ത്യയിൽ നിലവിൽ വരുന്നത്. മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നീ മൂന്ന് സ്ഥലങ്ങളിലാണ് പ്രധാനമായും സിനിമകൾ അക്കാലത്ത് സെൻസർ ചെയ്‌തിരുന്നത്. 1952 ൽ നിലവിൽ വന്ന ഇന്ത്യൻ സിനിമാറ്റോഗ്രാഫി ആക്‌ടിന്‍റെ അടിസ്ഥാനത്തിലാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെൻസർ പ്രവർത്തിച്ചിരുന്നത്.
അതേവർഷം തന്നെ ഇന്ത്യയിൽ 9 സ്ഥലങ്ങളിൽ റീജിയണൽ ഓഫീസുകൾ തുറന്നു. 1983 ല്‍ ഇന്ത്യൻ സിനിമാറ്റോഗ്രാഫി ആക്‌ടില്‍ വലിയ നിയമഭേദഗതികൾ സർക്കാർ കൊണ്ടുവരുകയുണ്ടായി. അതോടൊപ്പം തന്നെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെൻസറിങ് എന്ന പ്രസ്ഥാനം സെൻട്രൽ ബോർഡ് ഫിലിം സർട്ടിഫിക്കേഷൻ എന്ന പേരിൽ പ്രവർത്തനം പുനരാരംഭിച്ചു.
സെന്‍സറിങ് മാനദണ്ഡങ്ങള്‍
സെൻസറിങ് എന്നാൽ വിലക്കപ്പെടുക, നിയന്ത്രിക്കുക എന്ന അർത്ഥത്തിൽ ജനങ്ങൾക്കിടയിലുള്ള തെറ്റായ ധാരണ മാറ്റിയെടുക്കുക എന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഉചിതമായ പ്രയോഗത്തോടെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്‍ നിലവിൽ വരുന്നത്. സെൻട്രൽ ബോർഡ് ഫിലിം സർട്ടിഫിക്കേഷന്‍ ഒരിക്കലും സിനിമയെ സെൻസർ ചെയ്യുന്നില്ല. സിനിമകൾക്ക് പ്രദർശന യോജ്യമായ സർട്ടിഫിക്കറ്റുകൾ നൽകുക എന്നുള്ളത് മാത്രമാണ് സിബിഎഫ്‌സിയുടെ പ്രധാന ജോലി.
ഇപ്പോഴും സിനിമകളിൽ നാം ആദ്യം കാണുന്ന സർട്ടിഫിക്കറ്റിന് സെൻസർ സർട്ടിഫിക്കറ്റ് എന്ന പേരിലാണ് അഭിസംബോധന ചെയ്യാറുള്ളത്. മാധ്യമങ്ങൾ അടക്കം ഇപ്പോഴും സെൻസറിങ് എന്ന പ്രയോഗം ഉപയോഗിക്കുന്നു. സെൻസറിങ് ഉചിതമായ പ്രയോഗം അല്ല. സർട്ടിഫിക്കേഷൻ എന്നതാണ് ശരിയായ രീതി.
ഒരു ചിത്രം ബോർഡിന്‍റെ മുന്നിലെത്തുമ്പോൾ സിനിമാട്ടോഗ്രാഫി ആക്‌ടിലെ നിയമങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടോ, ഇന്ത്യയിൽ നിലനിൽക്കുന്ന മറ്റു ചില നിയമങ്ങളുടെ ചട്ടലംഘനം നടത്തിയിട്ടുണ്ടോ എന്നിവ പരിശോധിച്ച് ഏതു പ്രായത്തിലുള്ള പ്രേക്ഷകരാണ് ഈ ചിത്രം കാണേണ്ടത് എന്ന് സർട്ടിഫൈ ചെയ്‌തു നൽകുക എന്നുള്ളതാണ് ബോർഡിന്‍റെ പ്രധാന ചുമതല.
സിനിമ സർട്ടിഫൈ ചെയ്യുന്ന രീതികള്‍
ഇന്ത്യയിൽ സിനിമാട്ടോഗ്രാഫി ആക്‌ടിനെ ബാധിക്കുന്ന നിയമങ്ങളിൽ ഒന്നാണ് കൊട്‌പ ആക്‌ട്. സിഗരറ്റ്, പുകയില ഉൽപ്പന്നങ്ങൾ, മദ്യം തുടങ്ങിയവയുടെ പരസ്യമായ പ്രചരണം നിരോധിച്ചു കൊണ്ടുള്ളതാണ് കൊട്‌പ ആക്‌ട്. ഈ നിയമപ്രകാരം പുകയില ഉൽപ്പന്നങ്ങൾ മദ്യം തുടങ്ങിയവയുടെ പ്രചരണം സിനിമയിൽ ഉപയോഗിക്കാൻ പാടുള്ളതല്ല. മാത്രമല്ല ഇത്തരം വസ്‌തുക്കളുടെ ബ്രാൻഡും സിനിമകളിൽ കാണിക്കരുത്.
പുകയില, ലഹരി വസ്‌തുക്കളുടെ ഉപയോഗം
സിനിമയിലെ കഥാപാത്രങ്ങൾ പുകയില ഉത്പന്നങ്ങൾ മദ്യം എന്നിവ ഉപയോഗിക്കുകയാണെങ്കിൽ എന്തുകൊണ്ട് ഈ കഥാപാത്രങ്ങൾ ഇത്തരം ലഹരി വസ്‌തുക്കള്‍ ഉപയോഗിക്കുന്നു എന്നതിന്‍റെ കാര്യകാരണസഹിതം ഉള്ള എഡിറ്റോറിയൽ ജസ്‌റ്റിഫിക്കേഷൻ നിർമ്മാതാവ് ബോർഡിന് ബോധ്യപ്പെടുത്തണം. ഇത്തരം ലഹരി വസ്‌തുക്കള്‍ ഉപയോഗിക്കുന്നത് സിനിമയുടെ കഥാവഴിക്ക് അത്യന്തം ആവശ്യമാണെന്ന് ബോർഡിന് ബോധ്യപ്പെട്ടാൽ മാത്രമേ ഈ രംഗങ്ങൾ കാണിക്കുവാൻ സാധിക്കുകയുള്ളൂ.
മാത്രമല്ല സിനിമയിൽ ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്ന രംഗം ഉണ്ടെങ്കിൽ സിനിമ തുടങ്ങുമ്പോഴും ഇടവേളയ്ക്ക് ശേഷവും നിയമപ്രകാരമുള്ള 30 സെക്കൻഡ് ദൈർഘ്യത്തിൽ വീഡിയോ മുന്നറിയിപ്പ്/ ഹെൽത്ത് സ്പോട്ട് പ്രദർശിപ്പിച്ചിരിക്കണം. അതിനുശേഷം 20 സെക്കൻഡ് ദൈർഘ്യമുള്ള ഓഡിയോ വീഡിയോ ഡിസ്‌ക്ലയ്‌മറും പ്രദർശിപ്പിക്കണം.
ഇതൊക്കെ രാജ്യത്തിന്‍റെ പൊതുവായ നിയമാവലിയിൽ ഉൾപ്പെടുന്ന കാര്യങ്ങളാണ്. സിനിമയിൽ മാത്രമല്ല പുകയില മദ്യം എന്നിവയുടെ പരസ്യപ്രചരണം ഇന്ത്യയിൽ നിരോധിച്ചിട്ടുള്ളതാണ്. മയക്കുമരുന്നുകൾ ഉപയോഗിക്കുന്ന വിശദമായ രംഗങ്ങൾക്കും വിലക്കുണ്ട്.
പക്ഷി മൃഗാദികളെ സിനിമയില്‍ ഉള്‍പ്പെടുത്തുമ്പോള്‍
സിനിമകളിൽ പക്ഷി മൃഗാദികളെ സ്ക്രിപ്റ്റിന് അടിസ്ഥാനമായി പെർഫോമിങ് അനിമൽ ആയി ഉപയോഗപ്പെടുത്തേണ്ടതായി ഉണ്ടെങ്കിൽ ചിത്രീകരണം ആരംഭിക്കുന്നതിനു മുൻപേ അനിമൽ വെൽഫെയർ ബോർഡിൽ നിന്നും എന്‍ ഒ സി വാങ്ങിയിരിക്കണം. മൃഗങ്ങളെ ഉപയോഗിച്ച് ചിത്രീകരിക്കുമ്പോൾ ലൊക്കേഷനിൽ ഒരു മൃഗ ഡോക്‌ടര്‍ ഉണ്ടായിരിക്കണം. ഡോക്‌ടറുടെയും അനിമൽ വെൽഫെയർ ബോർഡിന്‍റെയും പക്കൽ നിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണ് സി ബി എഫ് സി അത്തരം രംഗങ്ങൾക്ക് പ്രദർശനാനുമതി നൽകുന്നത്.
വലിയൊരു തെറ്റിദ്ധാരണ ഈ വിഷയത്തിൽ സിനിമ പ്രവർത്തകരിൽ നിന്നും കേൾക്കാറുണ്ട്, ദൂരെ നിൽക്കുന്ന ഒരു പശു ഫ്രെയിമിൽ ഉൾപ്പെട്ടാൽ അല്ലെങ്കിൽ മറ്റേതെങ്കിലും മൃഗമോ പക്ഷിയോ അറിയാതെ ഫ്രെയിമിലേക്ക് കടന്നു വന്നാൽ ആ മൃഗങ്ങളുടെയോ പക്ഷിയുടെയോ മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കാത്തതു മൂലം പ്രദർശനാനുമതി നിഷേധിച്ചു എന്നൊക്കെ. അതൊക്കെ വെറും കിംവദന്തികളാണ്.
നാച്ചുറൽ ഷോര്‍ട്ടിന് ഒരു തരത്തിലുമുള്ള അനിമൽ വെൽഫെയർ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റിന്‍റെയും ആവശ്യമില്ല. ആകാശത്തുകൂടി പറന്നുപോകുന്ന കാക്കയും പ്രാവും ദൂരെ നിൽക്കുന്ന പശുവും ഒക്കെ സിനിമയുടെ രംഗത്തിൽ ഉൾപ്പെട്ടാൽ അതൊക്കെ ഒരു തരത്തിലും ഫിലിം സർട്ടിഫിക്കേഷനെ ബാധിക്കില്ല. സിനിമകളിൽ പെർഫോമിങ് അനിമലിന് മാത്രമാണ് അനിമൽ വെൽഫെയർ ബോർഡിന്‍റെ ചട്ടങ്ങൾ പാലിക്കേണ്ടതായുള്ളൂ.
കാടിനുള്ളിൽ ഷൂട്ട് ചെയ്യുകയാണെങ്കിൽ വന്യമൃഗങ്ങൾ ഫ്രെയിമിലേക്ക് എത്തിച്ചേർന്നാൽ അതിന് എന്‍ ഒ സി ആവശ്യമില്ല. വനംവകുപ്പിന്‍റെ ഷൂട്ടിങ് പെർമിഷൻ ലെറ്ററിന്‍റെ അടിസ്ഥാനം മാത്രം മതിയാകും. ഇനി മൃഗങ്ങളെ മറ്റൊരു രാജ്യത്തിൽ വച്ചിട്ടാണ് ചിത്രീകരിക്കുന്നത് എങ്കിൽ അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾ പാലിക്കേണ്ടതായില്ല.
സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍/ പോക്‌സോ ആക്‌ട്
അതുപോലെ ഇന്ത്യയിൽ നിലനിൽക്കുന്ന മറ്റൊരു നിയമമാണ് പ്രൊഹിബിഷൻ ഓഫ് ഇൻഡിസന്‍റ് റപ്രസന്‍റേഷൻ ഓഫ് വുമൺ. സിനിമയിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ/ ലൈംഗിക രംഗങ്ങൾ ഒരു പരിധിക്ക് അപ്പുറം പ്രദർശിപ്പിക്കാൻ നിയമം അനുവദിക്കുന്നില്ല.
അതുപോലെതന്നെ പോക്സോ ആക്‌ടും സർട്ടിഫിക്കേഷനെ ബാധിക്കുന്ന ഘടകമാണ്. ഡ്രഗ് ആൻഡ് മാജിക് റെമെടി ആക്‌ട് സർട്ടിഫിക്കേഷനെ സ്വാധീനിക്കുന്നുണ്ട്. ഈ നിയമാവലിയുടെ അടിസ്ഥാനത്തിൽ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ, പ്രത്യേകിച്ചും ലൈംഗിക പരമായുള്ളവ അനുവദനീയമായ രീതിക്ക് അപ്പുറത്തേക്ക് സിനിമയിൽ ഉൾപ്പെടുത്താൻ സാധിക്കില്ല.
ഇലക്ഷന്‍ സമയങ്ങളില്‍ മോഡൽ കോഡ് ഓഫ് കണ്ടക്‌ഡ് ആക്‌ട്
അതുപോലെതന്നെ ഇലക്ഷൻ കാലങ്ങളിൽ മോഡൽ കോഡ് ഓഫ് കണ്ടക്‌ഡ് ആക്‌ട് സിനിമകളുടെ സർട്ടിഫിക്കേഷന് ബാധകമാകും. സിനിമകളിൽ ഒരു പ്രത്യേക പാർട്ടിയെ വെള്ളപൂശാൻ ഉള്ള ശ്രമങ്ങൾ മറ്റൊരു പാർട്ടിയെ താഴ്ത്തി കെട്ടാനുള്ള ശ്രമങ്ങൾ എന്നിവ അനുവദിക്കുന്നതല്ല. അതുപോലെ ഇന്ത്യയിൽ നിലനിൽക്കുന്ന എല്ലാത്തരം നിയമങ്ങളും ഒരു സിനിമയുടെ സർട്ടിഫിക്കേഷന് ബാധകമായ കാര്യങ്ങളാണ്.
സിബിഎഫ് സി സിനിമകൾക്ക് പ്രദർശനത്തിനായി സർട്ടിഫിക്കേഷന്‍ നൽകുന്നത് ശാശ്വതമാണ്. എക്കാലവും ആ സർട്ടിഫിക്കറ്റിന് വാലിഡിറ്റി ഉണ്ടാകുമെന്ന് അർത്ഥം.
സര്‍ട്ടിഫിക്കറ്റുകള്‍ നാലുതരം
പ്രധാനമായും 4 തരത്തിലുള്ള ഫിലിം സർട്ടിഫിക്കറ്റുകൾ ആണ് നിലവിലുള്ളത്. 18 വയസില്‍ മുകളിലുള്ളവർക്ക് മാത്രം പ്രദർശനാനുമതിയുള്ള എ സർട്ടിഫിക്കറ്റ്
ഏഴു വയസ് 12 വയസ് 16 വയസ് തുടങ്ങിയ പ്രായത്തിലുള്ള കുട്ടികൾക്ക് മാതാപിതാക്കൾക്കൊപ്പം ഇരുന്നു കാണാനാകുന്ന U/A അഥവാ പാരന്‍റല്‍ ഗൈഡൻസ് സർട്ടിഫിക്കറ്റ്. ഈ സിനിമ മാതാപിതാക്കളാണ് തന്‍റെ കുട്ടികൾ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്.
എല്ലാത്തരം പ്രേക്ഷകർക്കും കാണാൻ അനുമതിയുള്ള യൂ ( അൺ റെസ്‌റ്റിക്‌ടഡ് പബ്ലിക് എക്‌സിബിഷൻ ) സർട്ടിഫിക്കറ്റ്.
അധികമാരും കണ്ടിട്ടില്ലാത്ത എസ് സർട്ടിഫിക്കറ്റ്. എസ് സർട്ടിഫിക്കറ്റ് എന്നാൽ ഒരു പ്രത്യേക കാറ്റഗറി വിഭാഗം പ്രേക്ഷകർക്ക് മാത്രം പ്രദർശനാനുമതിയുള്ള സർട്ടിഫിക്കറ്റ് ആണിത്.
ഉദാഹരണത്തിന് ഡോക്‌ടര്‍മാര്‍, ശാസ്‌ത്രഞ്ജന്മാര്‍ തുടങ്ങിയവർക്ക് മാത്രം കാണാൻ അനുമതി ഉള്ളവ. ഒരു ലാബിൽ രാസപദാർത്ഥം ഉണ്ടാക്കുന്ന ദൃശ്യങ്ങൾ, അല്ലെങ്കിൽ ഒരു സർജറിയുടെ പ്രസക്തഭാഗങ്ങൾ ഉൾപ്പെട്ട ദൃശ്യങ്ങൾ ഇതൊക്കെ ഒരു സാധാരണക്കാരന് പ്രദർശന നിഷിദ്ധമാണ്. കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ വിരലിൽ എന്നാവുന്ന എസ് സർട്ടിഫിക്കേഷനുകൾ മാത്രമാണ് നൽകിയിട്ടുള്ളത്.
സിനിമകളിലെ തെറിവിളികള്‍
സാധാരണ ജീവിതത്തിൽ ഉപയോഗിക്കുന്ന ചെറിയ തെറികളൊക്കെയാണെങ്കിൽ ആ സിനിമയുടെ ഉള്ളടക്കത്തിന് അനുയോജ്യമാണെങ്കിൽ പാരന്‍റൽ ഗൈഡൻസ് (u/a)വിഭാഗത്തിലേക്ക് പരിഗണിക്കാം. ഒരിക്കലും തെറിവിളികൾ ഉൾപ്പെട്ടിട്ടുള്ള സിനിമകൾ യു സർട്ടിഫിക്കറ്റിൽ പ്രദർശന അനുമതി നൽകില്ല. യു സർട്ടിഫിക്കറ്റ് നിർമാതാവിന് ആവശ്യമാണെങ്കിൽ ചീത്ത വിളികൾ മ്യൂട്ട് ചെയ്യേണ്ടതായി വരും. കടുപ്പം കൂടിയ ചീത്തവിളി പ്രയോഗങ്ങൾ ഒരു കാരണവശാലും u/a സർട്ടിഫിക്കറ്റിലും പ്രദർശന അനുമതി നൽകില്ല.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ചീത്തവിളികൾ എന്തുകൊണ്ട് സിനിമയിൽ u/a സർട്ടിഫിക്കറ്റ് ഉള്ള സിനിമകളിൽ അനുവദിക്കുന്നു എന്നതിന് കൃത്യമായ വിശദീകരണം ഉണ്ട്. ആദ്യം പറഞ്ഞതുപോലെ ഇത്തരം സർട്ടിഫിക്കറ്റ് സിനിമകൾ കുട്ടികൾ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് മാതാപിതാക്കളാണ്. പലപ്പോഴും ചീത്തവിളികൾ മ്യൂട്ട് ചെയ്യുന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം കൂടുതൽ അപകടകരമാണ്. അതെന്തുകൊണ്ടാണ് അവിടെ ഒരു ബീപ് ശബ്‌ദം കേൾപ്പിച്ചതെന്ന് കുട്ടികൾ ചോദിക്കാൻ ഇടയുണ്ട്.
ഒളിച്ചു വച്ചിരിക്കുന്ന എന്തിനെയും ഉൾക്കൊള്ളാൻ മനുഷ്യർക്ക് പ്രവണതയുണ്ട്. അതുകൊണ്ടുതന്നെ ഒരു മോശം വാക്ക് കേൾപ്പിക്കുന്നതിനേക്കാൾ അപകടകരമാണ് കേൾപ്പിക്കുന്നു എന്ന തരത്തിൽ മൂടി വയ്ക്കുന്നത്. ഇത്തരം ചിന്താഗതി ഒരു സിനിമ സർട്ടിഫൈ ചെയ്യുന്ന ബോർഡ് അംഗങ്ങളുടെ സംയോജിത തീരുമാനത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും.