തിരുവനന്തപുരം : റവന്യൂ ജില്ല സ്‌കൂൾ കലോത്സവത്തിൽ യുവപ്രതിഭകള്‍ അരങ്ങില്‍ വിസ്‌മയം തീര്‍ക്കുമ്പോള്‍ അണിയറയില്‍ പാചക കലയുടെ രുചി വൈവിധ്യം തീര്‍ക്കുകയാണ് ആൻ്റണി തിരുപുറം. 56കാരനായ ആൻ്റണി പാചകപ്പുരയുടെ കടിഞ്ഞാണ്‍ ഏറ്റെടുക്കുന്ന 25-ാമത്തെ കലോത്സവമാണ് കോട്ടൺഹിൽ സ്‌കൂളില്‍ നടക്കുന്നത്. സദ്യയില്‍ സ്വാദിന്‍റെ ആഘോഷമൊരുക്കാന്‍ 12 പേരാണ് ആൻ്റണിയുടെ സംഘത്തിലുള്ളത്.
28 വർഷം നീണ്ട പാചകപ്പെരുമയിൽ ജില്ല, ഉപജില്ല കലോത്സവമുൾപ്പടെ 25 എണ്ണത്തിലാണ് ആൻ്റണി ഭക്ഷണമൊരുക്കിയത്. വേദികളില്‍ മാറ്റുരയ്‌ക്കുന്നവര്‍ക്കുള്‍പ്പടെ നാല് നേരം ദിനംപ്രതി 8,000ത്തോളം പേർക്കാണ് ഇത്തവണ ആൻ്റണിയുടെ നേതൃത്വത്തിൽ ഭക്ഷണമൊരുങ്ങിയത്. രാവിലെ എട്ടിന് പ്രഭാത ഭക്ഷണം മുതൽ സജീവമാകും കലോത്സവ വേദിയിലെ കലവറ.
ഉച്ചയ്ക്ക് 12.30ന് നാലിനം തൊടുകറികളും ഒഴിച്ചുകറികളും പായസവുമടങ്ങുന്ന സ്വാദിഷ്‌ടമായ ഊണ്. ഇന്നലെ അടപ്രഥമന്‍ ആയിരുന്നു സദ്യയിലെ താരം. വൈകുന്നേരം ചായയും പഴംപൊരിയും, പരിപ്പുവടയും അടങ്ങുന്ന ലഘുഭക്ഷണവും രാത്രിയിൽ അത്താഴവും കഴിഞ്ഞാലേ കലവറയിലെ തിരക്കിന് അയവുണ്ടാകൂ.
കലോത്സവത്തിന് എത്തുന്നവർക്ക് സ്വാദിഷ്‌ടവും ഗുണമേന്മയുള്ളതുമായ ഭക്ഷണം വിളമ്പുകയാണ് സംഘാടകരുടെ ലക്ഷ്യം. ഇതിനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഒരേ സമയം കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷനിലെ തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരാണ് ഭക്ഷണത്തിൻ്റെ ഒരുക്കങ്ങൾക്കും വിതരണത്തിനും മേൽനോട്ടം വഹിക്കുന്നത്. കലോത്സവ വേദിയിൽ എത്ര തന്നെ തിരക്കുണ്ടായാലും സദ്യയില്‍ സ്വാദിന്‍റെ ആഘോഷമൊരുക്കാന്‍ ആൻ്റണിയും സംഘവും സജ്ജരാണ്.