തിരുവനന്തപുരം: പ്രശസ്‌ത നരവംശ ശാസ്‌ത്രജ്ഞന്‍ ഫിലിപ്പോ ഒസെല്ലോയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും തിരിച്ചയച്ചു. കേരളത്തിലെ തീരദേശ സമൂഹങ്ങളെ കുറിച്ചുള്ള സെമിനാറില്‍ പങ്കെടുക്കുന്നതിന് വ്യാഴാഴ്‌ച പുലര്‍ച്ചെയാണ് അദ്ദേഹം വിമാനത്താവളത്തില്‍ എത്തിയത്.
ദുബായില്‍ നിന്നും എമിമേറ്റസ് വിമാനത്തില്‍ കേരളത്തിലെത്തിയ ഒസെല്ലോയെ ഉന്നത ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരെത്തി തടയുകയായിരുന്നു. പിന്നീട് അദ്ദേഹത്തിന് ഇന്ത്യയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടെന്ന് അറിയിച്ചുവെന്നും എന്നാല്‍ വിലക്കാനുള്ള കാരണം വ്യക്തമാക്കാതെയാണ് തന്നെ തിരിച്ചതെന്ന് ഒസെല്ലോ പറഞ്ഞു. കേരളവുമായി ബന്ധപ്പെട്ട് ഒട്ടേറെ പഠനങ്ങള്‍ നടത്തിയിട്ടുള്ള ഇറ്റലി സ്വദേശിയായ ലോക പ്രശസ്‌ത നരവംശ ശാസ്ത്രജ്ഞനാണ് ഫിലിപ്പോ ഒസെല്ലോ.
എന്നാല്‍ സുരക്ഷ ഏജന്‍സികളുടെ ലുക്ക് ഔട്ട് നോട്ടീസുള്ളതിനാലാണ് അദ്ദേഹത്തെ തിരിച്ചയച്ചതെന്നാണ് ഫോറിനേഴ്‌സ് റീജണല്‍ രജിസ്‌ട്രേഷന്‍ വിഭാഗം വിശദീകരിച്ചത്. സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Also Read: കോഴിക്കോട് അഭ്യാസപ്രകടനം: അപകടകരമായി വാഹനമോടിച്ച വിദ്യാര്‍ഥികൾക്കെതിരെ കേസെടുത്തു
കേരളത്തിലെ ഈഴവരുടെ ജീവിതം, ജാതി വ്യവസ്ഥ എന്നിവരുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്‍റെ ഭാര്യയും ലണ്ടന്‍ സര്‍വകലാശാലയിലെ ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ അധ്യാപികയുമായ കരോലിനുമായി ചേര്‍ന്ന് സോഷ്യല്‍ മൊബിലിറ്റി ഇന്‍ കേരള എന്ന പുസ്‌തകം പ്രസിദ്ധീകരിച്ചിരുന്നു. ഇരുവരും കോഴിക്കോട് താമസിച്ച് മലബാറിലെ മുസ്ലീം ജീവിതത്തെ കുറിച്ചും പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു.