തിരുവനന്തപുരം: ത്രിതല ഗ്രാമപഞ്ചായത്ത് രൂപം കൊണ്ടത് മുതൽ ജില്ലാ പഞ്ചായത്ത് അംഗമാണ് വെള്ളറട ഡിവിഷനിലെ സ്ഥാനാർഥി അൻസജിതാ റസൽ. ഇത് ആറാം തവണയാണ് ജില്ലാ പഞ്ചായത്തിലേക്ക് അൻസജിത റസൽ ജനവിധി തേടുന്നത്. ത്രിതല ഗ്രാമപഞ്ചായത്ത് 1995ൽ രൂപം കൊണ്ടപ്പോൾ വെള്ളറട ഡിവിഷനിൽ യുഡിഎഫിന് വേണ്ടിയാണ് കന്നി അങ്കത്തിന് അൻസജിത ഇറങ്ങിയത്.
കോൺഗ്രസ് കുടുംബത്തിലെ അംഗവും, അന്നത്തെ ആര്യങ്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ ആയിരുന്ന ജി റസാലത്തിന്‍റെ മകളുമാണ് അൻസജിത. അന്നുമുതൽ 2020 വരെയുള്ള തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ സ്ഥാനാർഥിയായിരുന്ന അൻസജിത റസ്സൽ പിന്നെ പരാജയം എന്തെന്ന് അറിഞ്ഞിട്ടില്ല. ദീർഘകാലം ജില്ലാ പഞ്ചായത്തിൽ അംഗമായിരുന്നു എന്ന പ്രത്യേകതയും അൻസജിതക്ക് സ്വന്തം. 2010-15 കാലഘട്ടത്തിൽ പൂവച്ചൽ ഡിവിഷനിൽ മത്സരിച്ചു.
എന്നാൽ സിറ്റിങ് സീറ്റ് നിലനിർത്താനുള്ള ശക്തമായ പോരാട്ടത്തിലാണ് എൽഡിഎഫ്. കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്‍റും, എഴുത്തുകാരനുമായ സഹായദാസാണ് എതിർ സ്ഥാനാർഥി. ഒബിസി മോർച്ച പാറശ്ശാല നിയോജക മണ്ഡലം പ്രസിഡന്‍റ് വെള്ളറട സുരേന്ദ്രനാണ് എൻഡിഎ സ്ഥാനാർഥി. മൂന്ന് മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ തന്നെയാണ്.