തിരുവനന്തപുരം: എട്ട് മണിക്കൂർ നീണ്ട രൂപമാറ്റത്തിനായുള്ള ഒരുക്കങ്ങൾ. വ്രതം നോറ്റ് മേക്കോവറിനായി തയാറെടുപ്പ്. വിജയദശമി ദിനത്തിൽ ദേവിയുടെ രൂപത്തിൽ മേക്കോവർ ചെയ്‌ത് അതേ രൂപഭാവത്തിൽ അവതരിപ്പിച്ചപ്പോൾ തിരുവനന്തപുരം നേമം സ്വദേശി അനീഷ് കുറുപ്പിനെ തേടിയെത്തിയത് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്.
വിജയദശമി ദിനത്തിൽ എന്തെങ്കിലും വ്യത്യസ്‌തമായി ചെയ്യണമെന്ന അനീഷിന്‍റെ ചിന്തയാണ് ഈ വൈറൽ മേക്കോവറിന് പിന്നിൽ. മെയിൽ ടു ഫീമെയിൽ ട്രാൻസ്‌ഫർമേഷൻ എന്ന ആശയം പിന്നീട് ദേവിയുടെ രൂപത്തിൽ മേക്കോവർ എന്ന ചിന്തയിലേക്ക് എത്തുകയായിരുന്നു. ദേവീ രൂപത്തിൽ അഞ്ച് മണിക്കൂർ നിശ്ചലമായി ഇരുന്നതിനാണ് അനീഷിനെ ഏഷ്യ ബുക്ക് ഓഫ് റെക്കോഡ് പുരസ്‌കാരത്തിന് അർഹനാക്കിയത്.
ടങ് ട്വിസ്‌റ്ററിലും അസാമാന്യ പാടവമാണ് അനീഷിന്. കടുകട്ടി വാക്കുകൾ വായിലിട്ട് അമ്മാനമാടുന്ന അനീഷ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്. മിസ്‌റ്റർ കാലിക്കറ്റ് ഷോയിലെ ടാലന്‍റ് റൗണ്ടിലെ ടങ് ട്വിസ്‌റ്റർ പ്രകടനത്തിന് അനീഷിന് മികച്ച സ്വീകാര്യതയും പ്രോത്സാഹനവും ലഭിച്ചിരുന്നു. തുടർന്നാണ് ഈ പ്രകടനം ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിന് അയച്ചുകൊടുക്കുന്നത്.
ഡബ്ബിങ് ആർട്ടിസ്‌റ്റ്, റേഡിയോ ജോക്കി, അവതാരകൻ, മോഡലിങ് എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. തട്ടിൽ കയറിയാൽ അനീഷിന്‍റെ മട്ട് അങ്ങ് മാറും. നാട്ടിലും വിദേശത്തുമായി നിരവധി സ്‌റ്റേജ് പ്രോഗ്രാമുകളിലെ മിന്നുന്ന പ്രകടനത്തിന് ഈ വർഷത്തെ മികച്ച അവതാരകനുള്ള ഋഷിമംഗലം കൃഷ്‌ണൻ നായർ പുരസ്‌കാരവും അനീഷിനെ തേടിയെത്തി.
ഇടിവി ബാൽ ഭാരതിലെ കാർട്ടൂൺ കഥാപാത്രങ്ങൾക്കും അനീഷ് ശബ്‌ദം നൽകിയിട്ടുണ്ട്. സ്വകാര്യ കമ്പനിയിലെ എച്ച്ആർ ജോലി ഉപേക്ഷിച്ച ശേഷമാണ് അനീഷ് കലാരംഗത്ത് സജീവമാകുന്നത്. ഇപ്പോൾ മിസ്‌റ്റർ ഏഷ്യ, മിസ്‌റ്റർ ഇന്ത്യ ഐക്കൺ മത്സരങ്ങൾക്കായി തയാറെടുക്കുകയാണ് അനീഷ്.