തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബൊമ്മക്കൊലു ഒരുക്കി കലാകാരന്മാരെ കാത്തിരിക്കുകയാണ് തിരുവനന്തപുരം സ്വദേശി അനിൽകുമാർ. തന്‍റെ ലളിതാംബിക സംഗീത നാട്യകൂട്ടം എന്ന കലാ ഗ്രാമത്തിലാണ് കാലാസ്വാദര്‍ക്കും കാലാകാരന്‍മാര്‍ക്കും വ്യത്യസ്ഥമായ അനുഭവം പകര്‍ന്ന് നല്‍കുന്നത്.
ഇവിടെ എത്തി ഏതൊരു കലാകാരനും പരിപാടി അവതരിപ്പിക്കാം. ഒറ്റ നിബന്ധന മാത്രം ശാസ്ത്രീയ കലാരൂപങ്ങൾ ആയിരിക്കണം. നിരവധി നർത്തകരും ഗായകരും എല്ലാം ഇവിടെ എത്തി കലാപരിപാടികൾ അവതരിപ്പിച്ചു കഴിഞ്ഞു. അതിൽ കുട്ടികൾ മുതൽ മുതിർന്നവർ വരെയുണ്ട്.
കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് അരങ്ങുകൾ ലഭിക്കാതെ കഴിവ് തെളിയിക്കാൻ കഴിയാത്ത കലാകാരന്മാർക്ക് ഏറെ അനുഗ്രഹമാണ് ഈ സ്ഥലം. 50 പേർക്ക് ഇവിടെ ഇരുന്ന് കലാസ്വാദനം നടത്താം. എന്നാൽ കൊവിഡ് കാലമായതിനാൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കോവളത്തെ സ്വകാര്യ ഹോട്ടൽ ജീവനക്കാരനായ അനിൽകുമാർ തിരുവനന്തപുരം സംഗീത കോളജിലെ പൂർവ വിദ്യാർഥിയാണ്.
ഇപ്പോൾ നൃത്തപഠനവുമായി കലാഭ്യാസം തുടരുകയാണ്. ആയിരത്തോളം വിഗ്രഹവുമായി അനിൽകുമാർ ഒരുക്കിയ ബൊമ്മക്കൊലുവിനും വ്യത്യസ്തതയുണ്ട്. നവരാത്രി കാലം കഴിഞ്ഞാലും കലാകാരന്മാർക്ക് മുന്നിൽ ഈ ലളിതാംബിക സംഗീത നാട്യകൂട്ടത്തിന്‍റെ വാതിൽ തുറന്നു തന്നെ കിടക്കുമെന്നും അനില്‍കുമാര്‍ പറയുന്നു.