തിരുവനന്തപുരം: കാര്യവട്ടം കേരള സർവകലാശാല കാമ്പസിലേക്കുള്ള വഴിയരികിൽ തണൽമരങ്ങളുടെ ശീതളഛായയാണ്. എന്നാൽ ഇതുകടന്ന് എത്തിച്ചേരുന്നതാകട്ടെ കാമ്പസിനുള്ളിലെ ഒരു നിബിഡ വനത്തിലും. അഞ്ചേക്കർ വിസ്‌തൃതിയിൽ ആൻഡമാനിലെ വൻ മരങ്ങൾ അടക്കമുള്ള സസ്യജാലങ്ങൾ മാത്രമുള്ള ഒരു പച്ചത്തുരുത്ത്.
ബക്കിങ്ഹാം കൊട്ടാരത്തിൻ്റെ നിർമാണത്തിന് ഉപയോഗിച്ച ആൻഡമാൻ പടോക്ക് മുതൽ ആൻഡമാൻ-നിക്കോബാർ ദ്വീപുകളിൽ മാത്രം കണ്ടുവരുന്ന തെങ്ങ് വരെ ഇവിടെയുണ്ട്. ആൻഡമാൻ-നിക്കോബാർ സസ്യോദ്യാനം വശ്യമനോഹരമായൊരു കാഴ്‌ചയാണ്.
ആൻഡമാനിലെ സസ്യസമ്പത്തുകളുടെ സംരക്ഷണവും സുസ്ഥിര വിനിയോഗവും ലക്ഷ്യമിട്ട് 2020ൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് കാര്യവട്ടം ക്യാമ്പസിലെ ബോട്ടണി വിഭാഗത്തിന് കീഴിൽ ആൻഡമാൻ-നിക്കോബാർ പ്ലാൻ്റ് സ്‌പീഷിസ് കൺസർവേറ്ററി ആരംഭിച്ചത്. കേരള സർവകലാശാല 2018ൽ ആരംഭിച്ച സെൻ്റർ ഫോർ ബയോഡൈവേഴ്‌സിറ്റി കൺസർവേഷൻ്റെ ഭാഗമായാണ് സസ്യോദ്യാനം ആരംഭിച്ചത്.
ആൻഡമാൻ ദ്വീപുകളിൽ കാണപ്പെടുന്ന അലങ്കാര-ഔഷധ-വാണിജ്യ പ്രാധാന്യമുള്ള 130 ഇനത്തോളം സസ്യജാലങ്ങൾ ഇന്നിവിടെയുണ്ട്. സെൻ്റർ ഫോർ ബയോഡൈവേഴ്‌സിറ്റി കൺസർവേഷൻ ഡയറക്‌ടർ പ്രൊഫ. എ.ഗംഗാപ്രസാദ് 2019ൽ കലക്ഷൻ ട്രിപ്പുമായി ബന്ധപ്പെട്ട് നടത്തിയ ആൻഡമാൻ സന്ദർശനത്തിനിടെയാണ് അവിടെ കാണപ്പെടുന്ന അപൂർവ സസ്യങ്ങൾ തലസ്ഥാനത്തെത്തിച്ചത്.
ടീറോകാർപെസ് ഡാൽബെർജിയോഴ്‌സ് എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ആൻഡമാൻ പടോക്ക്, ആൻഡമാനിൽ മാത്രം കാണപ്പെടുന്ന മാമ്പഴ ഇനമായ മാൻജിഫെറാ ആൻഡമാനിക്ക, കേരളത്തിലെ അടുക്കളകളിൽ സുപരിചിതമായ കുടംപുളിയുടെ വർഗത്തിൽപ്പെട്ട ഗാഴ്‌സീനിയ ധനിക്കാരിൺസിസ് തുടങ്ങി 130 ഇനം സസ്യജാലങ്ങളാണ് ഈ സസ്യോദ്യാനത്തിലുള്ളത്.
ചാണകപ്പൊടിയും ഉൾപ്പെടെയുള്ള ജൈവവളമാണ് ഈ സസ്യങ്ങൾക്ക് നൽകുന്നത്. ഇവയെ പരിപാലിക്കാനായി പ്രത്യേക ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. ആൻഡമാനിൽ നിന്നും നിരവധി സസ്യങ്ങൾ ഇനിയും ശേഖരിക്കാനുണ്ട്. ഗംഗപ്രസാദിൻ്റെ നേതൃത്വത്തിൽ ഇതിനായുള്ള ശ്രമങ്ങൾ നടക്കുകയാണ്.
Also Read: കേരള സര്‍വകലാശാലയുടെ പേരില്‍ ഒരു മാമ്പഴം: 'കെയു' മണവും രുചിയും തൂക്കവും വ്യസ്തം