തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിച്ച സംഭവത്തില്‍ സിപിഎം ഇടപെട്ടിട്ടില്ലെന്ന് ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. കുഞ്ഞിനെ അമ്മയായ അനുപമയ്ക്ക് തന്നെ കിട്ടണമെന്നതാണ് പാര്‍ട്ടി നിലപാടെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.
അനുപമയോ ഭര്‍ത്താവ് അജിത്തോ നേരില്‍ കണ്ട് പരാതി നല്‍കിയിട്ടില്ല. അനുപമ ഫോണില്‍ വിളിച്ച് സംസാരിക്കുക മാത്രമാണ് ചെയ്തത്. വിഷയം ശ്രദ്ധയില്‍പ്പെട്ടയുടനെ ജില്ല സെക്രട്ടേറിയറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്തു. കുഞ്ഞിനെ അമ്മയ്ക്ക് നല്‍കണമെന്ന നിലപാടെടുത്തു.
ഇക്കാര്യം അനുപമയുടെ അച്ഛന്‍ ജയചന്ദ്രനെ അറിയിച്ചപ്പോള്‍ കുഞ്ഞിനെ ശിശുക്ഷേമസമിതിയില്‍ നല്‍കിയെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ പാര്‍ട്ടിക്ക് ഇടപെടാന്‍ കഴിയില്ലെന്നും, നിയമപരമായ വഴി തേടാന്‍ നിര്‍ദേശിച്ചുവെന്നും ആനാവൂര്‍ പറഞ്ഞു.
താന്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. പാര്‍ട്ടിപരമായി പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നം അല്ല എന്നാണ് പറഞ്ഞത്. ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഷിജുഖാനോടും വിഷയം സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു.
ALSO READ : കുഞ്ഞിനെ നഷ്ടമായ സംഭവം: ബാലാവകാശ കമ്മിഷന്‍ കേസെടുത്തു
വിഷയത്തില്‍ സമിതിക്ക് തെറ്റു പറ്റിയിട്ടില്ല. നിയമപരമായി നീങ്ങിയാല്‍ കുഞ്ഞിനെ അനുപമയ്ക്ക് തന്നെ ലഭിക്കും. ഇതിന് പാര്‍ട്ടി എല്ലാ പിന്തുണയും നല്‍കുമെന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി.