തിരുവനന്തപുരം: സിപിഎം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍റെ വീടിന് നേരെ കല്ലേറ്. കല്ലേറില്‍ കിടപ്പുമുറിയിലെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ശനിയാഴ്‌ച (27-08-2022) രാത്രിയോടെയാണ് ആക്രമണം ഉണ്ടായത്.
കല്ലേറുണ്ടായ സമയത്ത് ആനാവൂര്‍ നാഗപ്പന്‍ വീട്ടിലുണ്ടായിരുന്നില്ല. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്നാണ് സിപിഎം ആരോപണം.
കൂടാതെ വട്ടിയൂർക്കാവ് മേലേത്തുമലയിൽ സിപിഎം കൊടിമരങ്ങള്‍ നശിപ്പിക്കപ്പെട്ട നിലയിലും കണ്ടെത്തി. ഇന്നലെ രാത്രിയോടെയാണ് കൊടിമരങ്ങള്‍ നശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിപിഎം ജില്ല കമ്മിറ്റി ഓഫിസിന് നേരെ കല്ലേറുണ്ടായി 24 മണിക്കൂറിനകമാണ് ജില്ലയില്‍ കൂടുതല്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്.
അതിനിടെ, സിപിഎം തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫിസ് ആക്രമണത്തിൽ മൂന്ന് എബിവിപി പ്രവർത്തകരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇന്ന് (28-08-2022) പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അന്വേഷണസംഘം ഇവരെ കസ്‌റ്റഡിയിലെടുത്തത്. സിസിടിടി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. വഞ്ചിയൂര്‍ കൗണ്‍സിലര്‍ ഗായത്രി എസ് ബാബുവിനെ കയ്യേറ്റം ചെയ്‌ത കേസിലും പ്രതികളാണ് കസ്‌റ്റഡിയിലുള്ള മൂന്ന് പേര്‍.