തിരുവനന്തപുരം : നെയ്യാറ്റിൻകര കൊല്ലയിൽ വീടിനുമുന്നിൽ നിർത്തിയിട്ട കാറിന് തീക്കൊളുത്തി അജ്ഞാത സംഘം. വീട്ടുകാരുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വാഹനം പൂര്‍ണമായി കത്തുന്നത് ഒഴിവാക്കാനായി. ചൊവ്വാഴ്‌ച പുലർച്ചെയായിരുന്നു സംഭവം.
ഉദിയൻകുളങ്ങര നടൂർകൊല്ലയിൽ ജെ.ജി ഭവനിൽ ജോർജ് ജസ്‌റ്റിന്‍റെ കാറാണ് നശിപ്പിക്കാന്‍ ശ്രമിച്ചത്. കാറിന്‍റെ ടയറുകളിൽ മണ്ണെണ്ണ ഒഴിച്ച് തീ കത്തിക്കുകയായിരുന്നു. തീയും പുകയും ഉയരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ നിലവിളിച്ചു. ഇതുകേട്ട് ഓടിയെത്തിയ സമീപവാസികള്‍ ചേർന്നാണ് തീ അണച്ചത്.
ASLO READ: മോൻസന്‍റെ ആനക്കൊമ്പും വടിയും സിംഹാസനവും ... ഇനി ട്രോളൻമാരുടെ ഇര
മുന്‍ഭാഗത്തെ ടയര്‍ നശിച്ച നിലയില്‍ കണ്ടെത്തി. വൈരാഗ്യമാവാം ഇതിനുപിന്നിലെന്നാണ് വിവരം. സെപ്‌റ്റംബര്‍ 22 ന് കൂലി തർക്കത്തെ തുടർന്ന് കിണർ നിര്‍മാണ തൊഴിലാളിയായ ഷൈൻ കുമാറിനെ സഹപ്രവർത്തകനായ ബിനു കല്ലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.
ജോർജിന്‍റെ വീടിനുസമീപത്തുവച്ചായിരുന്നു സംഭവം. ഈ ദൃശ്യങ്ങൾ ജോർജ് മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതിന്‍റെ വൈരാഗ്യമാവാം കാര്‍ നശിപ്പിക്കാനുള്ള ശ്രമത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിക്കുന്നു. പാറശാല പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.