തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന്. രാവിലെ 11 മണിക്കാണ് യോഗം. നിലവിലെ സാഹചര്യം വിലയിരുത്താനും അടിയന്തര തീരുമാനങ്ങൾക്കുമാണ് പ്രത്യേക യോഗം മുഖ്യമന്ത്രി വിളിച്ചിരിക്കുന്നത്. എല്ലാ ഉന്നത ഉദ്യോഗസ്ഥരോടും യോഗത്തിൽ പങ്കെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രാജ്യത്തെ തന്നെ എറ്റവും ഉയർന്ന നിരക്കിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ അടിയന്തര നടപടികൾക്ക് യോഗം രൂപം നൽകും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിലെ വീടുകളിലാകും പരിശോധന. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തിന് താഴെയെത്തിക്കലാണ് ലക്ഷ്യം. പരിശോധന, പ്രതിരോധം, രാത്രികാല കർഫ്യൂ ഇവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ വേണമോയെന്ന് ഇന്നത്തെ യോഗം വിശദമായി ചർച്ച ചെയ്യും. ഇതോടൊപ്പം സംസ്ഥാനത്ത് നിലവിൽ കൊവിഡ് രോഗചികിത്സക്കായി ഒരുക്കിയ സൗകര്യങ്ങളും വിലയിരുത്തും. നിർണായകമായ തീരുമാനങ്ങൾ ഇന്നത്തെ യോഗത്തിൽ പ്രതീക്ഷിക്കുന്നുണ്ട്.