തിരുവനന്തപുരം: വിവാദങ്ങൾക്കിടെ നാളെ കെ റെയിൽ സംവാദം. പദ്ധതിയെ എതിർക്കുന്ന വിദഗ്‌ദരിൽ അലോക് വർമ്മയും ശ്രീധർ രാധാകൃഷ്‌ണനും പിന്മാറിയതോടെ ആർവിജി മേനോൻ മാത്രമാവും സംവാദത്തിനുണ്ടാവുക. രാവിലെ പത്തു മണിയോടെ താജ് വിവാന്തയിലാണ് പരിപാടി.
സർക്കാരിന്‍റെ ഭാഗത്ത് നിന്ന് കൃത്യമായ വിവരങ്ങൾ ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സിസ്ട്രയുടെ മുൻ ഡെപ്യൂട്ടി പ്രോജക്‌ട് ഡയറക്‌ടർ അലോക് വർമ്മ പിന്മാറിയത്. സംവാദത്തിന് സർക്കാരിന് പകരം കെ- റെയിൽ ക്ഷണിച്ചതിലും ക്ഷണക്കത്തിലെ പദ്ധതിയെ പുകഴ്ത്തുന്ന ഭാഷയിലും അദ്ദേഹം അതൃപ്‌തി ചൂണ്ടിക്കാട്ടിയിരുന്നു. അലോക് വർമ്മയുടെ നിലപാടിനൊപ്പമാണ് പരിസ്ഥിതി പ്രവർത്തകനായ ശ്രീധർ രാധാകൃഷ്‌ണനും.
ഇന്ന് ഉച്ചയ്ക്ക് മുമ്പ് പുതിയ ക്ഷണക്കത്ത് ലഭിച്ചില്ലെങ്കിൽ സംവാദത്തിൽ നിന്ന് പിൻമാറുമെന്നാണ് അലോക് വർമ്മ വ്യക്തമാക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്ക്ക് കത്തു നൽകിയിട്ടുണ്ട്. അതേസമയം പുതിയ ക്ഷണക്കത്ത് നൽകാൻ സാധ്യതയില്ല.
പദ്ധതിയെ എതിർക്കുന്നവരിൽ ആർ.വി.ജി മേനോനെയും അനുകൂലിക്കുന്ന വിദഗ്‌ദരെയും ഉൾപ്പെടുത്തി സംവാദം നടത്തുകയോ കാണികളെ കൂടി പങ്കെടുപ്പിച്ച് ചോദ്യോത്തര രീതിയിൽ നടത്തുകയോ ചെയ്യാനാണ് സർക്കാർ ആലോചിക്കുന്നത്.