തിരുവനന്തപുരം: ഇറാന്‍ സേനാ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ചതിലൂടെ അമേരിക്ക തീകൊണ്ട് കളിക്കുകയാണെന്ന് നയതന്ത്ര വിദഗ്ധനും മലയാളിയുമായ അമേരിക്കന്‍ മുന്‍ അംബാസിഡർ ഡോ.ടി.പി ശ്രീനിവാസന്‍. ഇറാന്‍ ജനതയുടേത് ശക്തമായ മനസാണ്. അവരെ ഉപദ്രവിച്ചാല്‍ അവര്‍ അതി ശക്തമായി തിരിച്ചടിക്കുമെന്നറിയാത്ത വ്യക്തിയല്ല അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തിലാണ് ഡോ.ടിപി ശ്രീനിവാസൻ നിലപാട് വ്യക്തമാക്കിയത്. അമേരിക്കന്‍ പാര്‍ലമെന്‍റ് ഇംപീച്ച്‌മെന്‍റ് നടപടികൾ ആരംഭിച്ചതും വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് പ്രസിഡന്‍റ് ട്രംപ് സുലൈമാനിയെ വധിക്കാൻ നിർദ്ദേശിച്ചത്. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ വരുന്ന അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് നേടിത്തരുമെന്ന് അദ്ദേഹം കരുതുന്നുവെന്നും ഡോ.ടി.പി ശ്രീനിവാസന്‍ പറഞ്ഞു.
പശ്ചിമേഷ്യയില്‍ ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന അശാന്തി അവിടെ തൊഴിലെടുക്കുന്ന 30 ദശലക്ഷം ഇന്ത്യാക്കാരെയും ബാധിക്കും. എണ്ണ വ്യാപാരത്തെയും അത് ബാധിക്കും. മറ്റ് രാജ്യങ്ങളില്‍ നിന്ന് എണ്ണവാങ്ങിയാലും അത് ഇന്ത്യയിലെത്തിക്കുക ഇപ്പോഴത്തെ സാഹചര്യത്തില്‍ ബൂദ്ധിമുട്ടായിരിക്കും. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന പരസ്പരമുള്ള അടിയും തിരിച്ചടിയും കഴിയുന്നതോടെ സംഘര്‍ഷങ്ങള്‍ അവസാനിക്കുമെന്നും ഒരു യുദ്ധത്തിലേക്ക് അത് മാറില്ലെന്നുമാണ് വിദഗ്ധര്‍ കരുതുന്നുതെന്നും ശ്രീനിവാസന്‍ ഇ.ടി.വി ഭാരതിനോടു പറഞ്ഞു.