തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ അൽപശി ആറാട്ട് ആചാരപ്പെരുമയിൽ നടന്നു. ഇന്നലെ വൈകിട്ട് ശംഖുമുഖത്ത് നടന്ന ആറാട്ടോടുകൂടി ഉത്സവത്തിന് കൊടിയിറങ്ങി. ഉത്സവത്തിന്‍റെ പ്രധാന ചടങ്ങുകളിലൊന്നായ പള്ളിവേട്ട തിങ്കളാഴ്‌ച രാത്രി 8.30ഓടെ ക്ഷേത്രസ്ഥാനി മൂലം തിരുനാൾ രാമവർമയുടെ നേതൃത്വത്തില്‍ നടന്നു.
ഉത്സവ ശീവേലിക്ക് ശേഷമാണ് വേട്ടക്കെഴുന്നള്ളത്ത് തുടങ്ങിയത്. ശ്രീപത്മനാഭസ്വാമിയുടെ വില്ലേന്തിയ വിഗ്രഹം സ്വർണഗരുഡ വാഹനത്തിലും തിരുവമ്പാടി ശ്രീകൃഷ്‌ണസ്വാമിയേയും നരസിംഹമൂർത്തിയേയും വെള്ളി ഗരുഡവാഹനത്തിലും എഴുന്നള്ളിച്ചു. പൊലീസും കുതിരപ്പട്ടാളവും കോൽക്കാരും കുന്തക്കാരും മറ്റ് ഉദ്യോഗസ്ഥരും അകമ്പടി സേവിച്ചു.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണ് ആറാട്ട് ചടങ്ങുകള്‍ ആരംഭിച്ചത്. ശ്രീകോവിലിൽ ദീപാരാധന കഴിഞ്ഞ് ഗരുഡവാഹനത്തിൽ ശ്രീപത്മനാഭസ്വാമിയേയും നരസിംഹമൂർത്തിയേയും ശ്രീകൃഷ്‌ണസ്വാമിയേയും പുറത്തെഴുന്നള്ളിക്കുന്നതോടെ ആറാട്ട് ഘോഷയാത്രയ്ക്ക് തുടക്കമായി. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, നടുവൊത്ത് മഹാവിഷ്‌ണു ക്ഷേത്രം, അരകത്ത് ദേവീക്ഷേത്രം, പാൽക്കുളങ്ങര ചെറിയ ഉദേശ്വരം മഹാവിഷ്‌ണു ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ആറാട്ട് വിഗ്രഹങ്ങൾ പടിഞ്ഞാറേ നടയിലെത്തി ഘോഷയാത്രക്കൊപ്പം ചേർന്നു. തുടർന്ന് ഘോഷയാത്ര ശംഖുംമുഖത്തേക്ക് നീങ്ങി. വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിനകത്തുകൂടിയാണ് ഘോഷയാത്ര കടന്നു പോയത്. ആറാട്ടിന് ശേഷം എഴുന്നള്ളത്ത് രാത്രി ക്ഷേത്രത്തിൽ തിരിച്ചെത്തിയതോടെ ഉത്സവത്തിന് കൊടിയിറങ്ങി.
അൽപശി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ റൺവേ ഇന്നലെ വൈകിട്ട് 4 മണി മുതൽ 9 മണി വരെ അടച്ചിട്ടിരുന്നു. 1932ൽ വിമാനത്താവളം സ്ഥാപിതമായ കാലം മുതൽ പിന്തുടരുന്ന ഒരു രീതിയാണിത്. ക്ഷേത്രത്തിന്‍റെ പരമ്പരാഗത അവകാശികൾ തിരുവിതാംകൂർ രാജവംശക്കാരാണ്. എല്ലാ വർഷവും പരമ്പരാഗത ആറാട്ടു ഘോഷയാത്രയുടെ സമയത്ത് വിമാനത്താവളം അതിന്‍റെ വിമാന സർവീസുകൾ നിർത്തിവയ്ക്കും. ഇത് വർഷത്തിൽ രണ്ടുതവണ നടക്കുന്നുണ്ട്.
also read: തിരുവനന്തപുരം വിമാനത്താവളം ഇന്ന് 5 മണിക്കൂര്‍ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കും